നഴ്‌സറി അധ്യാപകര്‍ക്ക് തൂപ്പുകാരേക്കാള്‍ കുറഞ്ഞ ശമ്പളമെന്ന് സുപ്രീം കോടതി

single-img
15 October 2012

കേരളത്തില്‍ നഴ്‌സറി സ്‌കൂള്‍ അധ്യാപകര്‍ക്ക് തൂപ്പുകാരേക്കാള്‍ കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. നഴ്‌സറി അധ്യാപകര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശിച്ച ശമ്പളം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ശമ്പള വര്‍ധന വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. കേസില്‍ വളരെ മനോഹരമായ ഉത്തരവാണ് ഹൈക്കോടതി നടത്തിയത്. പിന്നെ എന്തിനാണ് ഉത്തരവിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയതെന്നും കോടതി ചോദിച്ചു. നഴ്‌സറി കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി സൗജന്യമായി കൊടുക്കുന്ന സര്‍ക്കാര്‍ അവരെ സംരക്ഷിക്കുന്ന അധ്യാപകര്‍ക്ക് മാന്യമായ ശമ്പളം കൊടുക്കാന്‍ തയാറാകണമെന്നും കോടതി ഉത്തരവിട്ടു. നഴ്‌സറി സ്‌കൂള്‍ അധ്യാപകര്‍ക്ക് 5,000 രൂപയും ആയമാര്‍ക്ക് 3,500 രൂപയും നല്‍കണമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.