Latest News

വിഎസിനു വീണ്ടും പരസ്യശാസന

പ്രതിപക്ഷ നേതാവു വി.എസ്. അച്യുതാനന്ദനു വീണ്ടും പാര്‍ട്ടിയുടെ പരസ്യശാസന. കൂടംകുളം വിഷയത്തില്‍ പാര്‍ട്ടിനിലപാടിനെയും ജനറല്‍ സെക്രട്ടറിയെയും പരസ്യമായി വെല്ലുവിളിച്ചതിനാണ്ഏറ്റവും മുതിര്‍ന്ന നേതാവായ വിഎസിനെ സിപിഎം കേന്ദ്ര കമ്മിറ്റി ഇന്നലെ വീണ്ടും പരസ്യമായി ശാസിച്ചത്. നേരത്തേ പോളിറ്റ്ബ്യൂറോയില്‍ നിന്നു വിഎസിനെ മാറ്റിയതിനു പുറമേ, നാലു മാസത്തിനിടെ രണ്ടാം തവണയാണു ശാസിക്കുന്നത്. കൂടംകുളം വിഷയത്തില്‍ പാര്‍ട്ടിനിലപാടില്‍ മാറ്റമില്ലെന്നും ആണവനിലയം അടച്ചുപൂട്ടണമെന്ന നിലപാടു സിപിഎമ്മിനില്ലെന്നും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ അറിയിച്ചു. കൂടംകുളം പ്രശ്‌നത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി വിശദീകരിച്ച പാര്‍ട്ടിനിലപാടിനു വിരുദ്ധമായി വിഎസ് പ്രവര്‍ത്തിച്ചുവെന്നു കേന്ദ്രകമ്മിറ്റി പാസാക്കിയ പ്രമേയത്തില്‍ കുറ്റപ്പെടുത്തി.