വിളപ്പില്‍ശാലയില്‍ കോടതിവിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; സമരത്തിന് പിന്നില്‍ പ്രത്യേക താല്‍പ്പര്യക്കാര്‍; മഞ്ഞളാംകുഴി അലി

single-img
13 October 2012

തലസ്ഥാനത്ത് വിളപ്പില്‍ശാലയില്‍ കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വൈകിയാണെങ്കിലും കോടതി വിധി നടപ്പാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിളപ്പില്‍ശാല മാലിന്യപ്ലാന്റില്‍ സ്ഥാപിക്കാനുളള മലിനജല സംസ്‌കരണ പ്ലാന്റിന്റെ യന്ത്രസാമഗ്രികള്‍ രാത്രിയില്‍ പ്ലാന്റിലെത്തിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിളപ്പില്‍ശാലയിലെ ജനങ്ങളെ കബളിപ്പിച്ചിട്ടില്ലെന്നും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം വിളപ്പില്‍ശാല സമരത്തിന് പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അഭിപ്രായപ്പെട്ടു. ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ യന്ത്രസാമഗ്രികള്‍ വിളപ്പില്‍ശാലയിലെത്തിച്ചത് ജനങ്ങളെ സഹായിക്കാനാണ്. മാലിന്യ സംസ്‌കരണ ഫാക്ടറിക്കകത്ത് രണ്ടു ലക്ഷം ടണ്‍ മാലിന്യം കെട്ടി കിടക്കുന്നുണ്ട്. ലീച്ചേറ്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയും. ഇത് പരിസ്ഥിതി പ്രശ്‌നം ഇല്ലാതാക്കും. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.