World

മലാലയ്ക്ക് മതപിന്തുണ: താലിബാനെതിരെ ഫത്‌വ

പതിന്നാലുകാരിയായ മലാല യൂസുഫായി എന്ന വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം ഇസ്‌ലാമിനു നിരക്കുന്നതല്ലെന്ന് സുന്നി ഇത്തേഹാദ് കൗണ്‍സിലുമായി ബന്ധപ്പെട്ട അമ്പതോളം മുസ്‌ലിം പുരോഹിതര്‍ പുറപ്പെടുവിച്ച ഫത്‌വയില്‍(മതശാസന) വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിച്ച താലിബാന്റെ നടപടിക്ക് എതിരേ പോരാടിയതിനാണു സമാധാന അവാര്‍ഡ് ജേത്രിയായ മലാലയെ വധിക്കാന്‍ ശ്രമം നടന്നത്. മലാല പഠിക്കുന്ന സ്വാത്തിലെ മിന്‍ഗോറ പട്ടണത്തിലെ ഗേള്‍സ് സ്‌കൂളിന്റെ വാനിനു നേര്‍ക്കു നടന്ന വെടിവയ്പില്‍ മലാലയ്ക്കും മറ്റു രണ്ടു കുട്ടികള്‍ക്കും പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാന്‍ മലാല മരിച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം നടത്തുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു.