പൊതുജനങ്ങള്‍ക്ക് ഇനി ശാന്തിഗിരിയില്‍ നിന്നും സൗജന്യ നിയമസഹായം

single-img
10 October 2012

നിത്യജീവിതത്തിലെ പല പ്രശ്‌നങ്ങളിലും നിയമത്തിന്റെ നൂലാമാലകളില്‍ പെട്ടുഴറുന്ന സാധാരണക്കാരന് പലപ്പോഴും വിദഗ്‌ധോപദേശം അപ്രാപ്യമാണ്. അവര്‍ക്കായി സൗജന്യ നിയമസഹായവേദിതുറന്ന് മാതൃകയാവുകയാണ് ശാന്തിഗിരി ആശ്രമം.

പോത്തന്‍കോട്, മാണിക്കല്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആശ്രമാങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ പാലോട് രവി എം.എല്‍.എയാണ് ശാന്തിഗിരി നിയമസഹായവേദി ഉദ്ഘാടനം ചെയ്തത്. വ്യവഹാരരഹിത മേഖലയായി ഈ പ്രദേശത്തെ മാറ്റുവാന്‍ എല്ലാ സഹായവും നല്‍കുമെന്നും അതിനായി കക്ഷിരാഷ്ട്രീയമില്ലാതെ പ്രവര്‍ത്തിക്കുമെന്നും ജനപ്രതിനിധികള്‍ ചടങ്ങില്‍ വാഗ്ദാനം ചെയ്തു.

പൊതുജനങ്ങള്‍ക്കു കടന്നുവരാന്‍ എളുപ്പത്തിന് ആശ്രമകവാടത്തിനടുത്തുതന്നെയാണ് വേദി പ്രവര്‍ത്തിക്കുന്നത്. റിട്ടയേഡ് ജഡ്ജിമാര്‍, അഡ്വക്കേറ്റുമാര്‍, കൗണ്‍സലര്‍ എന്നിവരടങ്ങുന്ന വിദഗ്ധരുടെ പാനലില്‍ നിന്നും ആര്‍ക്കും എന്തു നിയമപ്രശ്‌നങ്ങള്‍ക്കും വിദഗ്‌ധോപദേശം തേടാം. വലിയ ചിലവും കാലതാമസവുമുള്ള വ്യവഹാരങ്ങള്‍ക്കു പകരം കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പുകളിലൂടെ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കും എന്നതാണ് ശാന്തിഗിരി നിയമസഹായ വേദിയുടെ പ്രത്യേകത.

അതിനായി ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ ആറ്റിങ്ങല്‍, നെടുമങ്ങാട് താലൂക്ക് കമ്മിറ്റികളിലേക്ക് അയച്ച് ഒത്തുതീര്‍പ്പുകള്‍ക്ക് നിയമസാധുത നേടും. ഇത്തരത്തില്‍ നേടുന്ന ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ക്ക് കോടതി ഉത്തരവിനു തുല്യമായ നിയമസാധുതയുണ്ട്. ഗാര്‍ഹികപീഢന നിരോധന നിയമത്തില്‍ പ്രതിപാദിക്കുന്ന ‘സേവന ദാതാവ്’ ആയി (സര്‍വീസ് പ്രൊവൈഡര്‍) വേദിയ്ക്ക് അംഗീകാരം നേടുവാന്‍ ശ്രമങ്ങള്‍ നടന്നു വരുന്നു. വിവാഹമോചനക്കേസുകളില്‍ കുടുംബകോടതികളില്‍ നിന്നും അയക്കുന്ന ദമ്പതികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്ന അംഗീകൃത കൗണ്‍സലിംഗ് സെന്റര്‍ ആശ്രമത്തിന്റെ നിയമവകുപ്പിനു കീഴില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.

ആശ്രമം ജനറല്‍ സെക്രട്ടറി ചൈത്‌ന്യ ജ്ഞാനതപസ്വി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കപ്പന്‍നായര്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സുധര്‍മിണി, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. ബാലമുരളി, ശാന്തിഗിരി വാര്‍ഡ് മെമ്പര്‍ റ്റി. മണികണ്ഠന്‍ നായര്‍, റിട്ട. ജില്ലാ ജഡ്ജി മുരളീശ്രീധര്‍, അഡ്വ. ദേവദത്തന്‍ എന്നിവര്‍ സംസാരിച്ചു.

തുടക്കത്തില്‍ എല്ലാ ചൊവ്വാഴ്ചയിലും ഉച്ചയ്ക്കു രണ്ടു മണി മുതല്‍ അഞ്ചു മണി വരെ വേദി പ്രവര്‍ത്തിക്കും. ആവശ്യമനുസരിച്ചു പ്രത്യേക സെഷനുകളും ബോധവത്കരണ ക്ലാസുകളും നല്‍കും. ഫോണ്‍ നം. 9446025505, 0471 2419313