ഇര്‍ഫാന്റെ അച്ഛനും കണ്ണന്‍ മുരളിയുടെ സഹോദരനും ജോലി

single-img
10 October 2012

പാര്‍വതി പുത്തനാറിലേക്കു വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ടു ചികില്‍സയില്‍ കഴിയുന്ന ആറു വയസുകാരന്‍ ഇര്‍ഫാന്റെ പിതാവിനു സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്‌കളിലെ വിദ്യാര്‍ഥികള്‍ ഇര്‍ഫാനെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ഇര്‍ഫാന്റെ പിതാവിനു സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെടുന്ന നിവേദനം മുഖ്യമന്ത്രിക്കു നല്‍കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം ഇര്‍ഫാന്റെ വീട്ടിലെത്തിയിരുന്നു. ഇര്‍ഫാന്റെ ചികില്‍സാ ചെലവ് ഇപ്പോള്‍ സര്‍ക്കാരാണു വഹിക്കുന്നത്. 10 ലക്ഷം രൂപ ഇതിനായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കു നല്‍കിയിട്ടുണ്ട്.

എയര്‍ഫോഴ്‌സില്‍ ജോലിയിലിരിക്കേ തീകെടുത്താനുള്ള ശ്രമത്തിനിടെ ഷോക്കേറ്റു മരിച്ച കോട്ടയം കുമാരനല്ലൂരിലെ കണ്ണന്‍ മുരളിയുടെ സഹോദരന്‍ ഉണ്ണികൃഷ്ണനു സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. കണ്ണന്‍ മുരളിയുടെ പിതാവും സൈനിക സേവനത്തിനിടയിലാണു മരിച്ചത്. ഐടി മേഖലയില്‍ ജോലി നല്‍കാനാണു സര്‍ക്കാരിന്റെ താല്‍പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.