ഭൂമിദാന കേസ്:വിഎസിനെ ഒഴിവാക്കാൻ വിവരാവകാശ കമ്മീഷണറുടെ ഇടപെടൽ

single-img
9 October 2012

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെട്ട  ഭൂമിദാനക്കേസിൽ നിന്ന് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കാൻ വിജിലന്‍സ് ഉദ്യോഗസ്ഥനു മേല്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ അംഗവും മുന്‍ ഡിഐജിയുമായ കെ. നടരാജന്‍ സമ്മര്‍ദം ചെലുത്തിയതിന്റെ ടെലിഫോൺ സംഭാഷണം പുറത്തായി.ഭൂമിദാനക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി വി.ജി. കുഞ്ഞനെ സ്വാധീനിക്കാന്‍ നടരാജന്‍ ശ്രമിച്ചതായാണ് ആരോപണം. എഫ്‌ഐആര്‍ സമര്‍പ്പിക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദനെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെ. നടരാജന്‍ ഡിവൈഎസ്പി വി.ജി. കുഞ്ഞനെ വിളിച്ചിരുന്നത്.

നടരാജന്‍ ഡിവൈഎസ്പിയുമായി നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ സിഡിയും ഉള്‍പ്പെടുത്തി ഉത്തരമേഖലാ വിജിലന്‍സ് എസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.നടരാജന്റെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ബിഎസ്എന്‍എല്ലില്‍ നിന്നു ശേഖരിക്കാനും വിജിലന്‍സ് തീരുമാനിച്ചു.

അതേസമയം ഭൂമിദാന കേസ് അട്ടിമറിച്ച് വി എസ് അച്യുതാനന്ദനെ രക്ഷിക്കാൻ വിവരാവകാശ കമ്മിഷന്‍ അംഗവും മുന്‍ ഡിഐജിയുമായ കെ. നടരാജന്‍ നടത്തിയ സമ്മര്‍ദം  തെളിഞ്ഞ സാഹചര്യത്തില്‍ കെ.നടരാജനെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ ഗവർണ്ണർക്ക് യൂത്ത് കോൺഗ്രസ് നിവേദനം നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു