കെഎഫ്‌സി ചിക്കനെയും പുഴുവിഴുങ്ങി

single-img
8 October 2012

കെന്റക്കി ഫ്രൈഡ് ചിക്കന്റെ തിരുവനന്തപുരം പുളിമൂട്ടിലെ ഔട്ട്‌ലെറ്റില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ പുഴുവിനെ കണെ്ടത്തിയതിനെത്തുടര്‍ന്നു ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ അടച്ചുപൂട്ടിച്ചു. പാലോടു സ്വദേശി ഷിജുവും കുടുംബവും ഔട്ടലെറ്റില്‍ നിന്നും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ഷിജുവിന്റെ ഭാര്യയ്ക്കു വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടത്. ഇതുകണ്ടു ഷിജു ഛര്‍ദിച്ചു. പുറത്തുനിന്നു കൊണ്ടുവന്ന ഭക്ഷണത്തിലാണു പുഴുവിനെ കണെ്ടത്തിയതെന്നായി ജീവനക്കാരുടെ വാദം. ഇതിനിടെ, പുഴുവിനെ കണ്ട ചിക്കന്‍ ഹോട്ടലിനകത്തേക്കു കൊണ്ടുപോകാന്‍ ജീവനക്കാര്‍ നടത്തിയ ശ്രമം ആഹാരം കഴിച്ചുകൊണ്ടിരുന്ന മറ്റുള്ളവര്‍ തടസപ്പെടുത്തി.

ഹോട്ടലില്‍ ആഹാരം കഴിച്ചുകൊണ്ടിരുന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫുഡ് സേഫ്ടി വിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തി. ഷിജു താന്‍ വാങ്ങിയ ബില്‍ ഫുഡ് സേഫ്ടി വിഭാഗത്തിനു കൈമാറി. ഹോട്ടലിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന 13 ചിക്കന്‍ സാമ്പിളുകളും മസാല മിക്‌സ്ചറുകളും ഫുഡ് സേഫ്ടി വിഭാഗം പരിശോധനയ്ക്കായി പിടിച്ചെടുത്തു. ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയ അവര്‍ രണ്ടു ദിവസം കട അടച്ചിടാന്‍ നിര്‍ദേശിച്ചു. പരിശോധനാഫലം വന്നശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.