റോബര്‍ട്ട് വധേരയ്‌ക്കെതിരെ ഇന്ന് കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന് കേജ്‌രിവാള്‍

single-img
8 October 2012

രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് വമ്പന്മാരായ ഡിഎല്‍എഫുമായി ചേര്‍ന്ന് സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര നടത്തിയ ഭൂമിയിടപാടുകളെക്കുറിച്ചു കൂടുതല്‍ തെളിവുകള്‍ ഇന്നു പുറത്തുവിടുമെന്ന് അരവിന്ദ് കേജ്‌രിവാള്‍. ശക്തമായ തെളിവുകളില്ലാതെ വധേരക്കെതിരെ നടപടിയെടുക്കാന്‍ കഴിയെില്ലന്നു ധനമന്ത്രി പി.ചിദംബരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് കേജ്‌രിവാള്‍ വ്യക്തമാക്കിയത്. റിയല്‍ എസ്റ്റേറ്റ് വ്യവസായികളായ ഡിഎല്‍എഫ്, റോബര്‍ട്ട് വധേരയ്ക്ക് 65 കോടി രൂപ ഈടില്ലാതെ പലിശരഹിത വായ്പയായി നല്‍കിയെന്നായിരുന്നു കേജ്‌രിവാള്‍ ആരോപിച്ചത്. തുടര്‍ന്ന് ഈ തുക ഉപയോഗിച്ച് അദ്ദേഹം ഹരിയാനയിലും ഡല്‍ഹിയിലും ഭൂമി വാങ്ങിക്കൂട്ടിയെന്നും കേജ്‌രിവാള്‍ ആരോപിച്ചു. ഇതിനിടെ പ്രിയങ്കാ ഗാന്ധിക്കു സിംലയിലുള്ള സ്വത്തുകളെക്കുറിച്ചു ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ശാന്തകുമാര്‍ വ്യക്തമാക്കണമെന്നും കേജ്‌രിവാള്‍ ആവശ്യപ്പെട്ടു.