എരിതീയില്‍ നിന്നും വറചട്ടിയിലേക്ക്; സിലിണ്ടറിനു 15 രൂപ കൂട്ടി, ഡീസലിനു കൂട്ടും

single-img
7 October 2012

വിതരണക്കാരുടെ കമ്മീഷന്‍ കൂട്ടിയതിനെത്തുടര്‍ന്നു സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ പാചകവാതക സിലിണ്ടറുകളുടെ വില 11.42 മുതല്‍ 12.17 രൂപ വരെ കൂടി. സബ്‌സിഡിയുള്ള സിലിണ്ടര്‍ ഒന്നിനു ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ 11. 42 രൂപ വര്‍ധിപ്പിച്ചു. ഇതോടെ കേരളത്തിലെ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ 15 രൂപയുടെ വര്‍ധനയുണ്ടാകും. നികുതികള്‍ അടക്കമാണു 15 രൂപ വര്‍ധിക്കുന്നതെന്ന് ഇന്‍ഡെയ്ന്‍ ഗ്യാസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് മാത്യു കൊച്ച ിയില്‍ പറഞ്ഞു. സബ്‌സിഡിയോടുകൂടിയ സിലിണ്ടറിന്റെ വില 425 രൂപയില്‍നിന്നു 440 രൂപയാകും.

പെട്രോള്‍, ഡീസല്‍ വിതരണക്കാരുടെ കമ്മീഷനും ഉടനേ കൂട്ടിയേക്കും. പെട്രോള്‍ ലിറ്ററിന് 23 പൈസയും ഡീസലിനു 10 പൈസയും പമ്പുടമകള്‍ക്കു കമ്മീഷന്‍ കൂട്ടി നല്‍കാനാണു പെട്രോളിയം മന്ത്രാലയത്തിന്റെ നീക്കം. എന്നാല്‍, പെട്രോള്‍ ലിറ്ററിനു 23 പൈസ മുതല്‍ 1.72 രൂപ വരെയും ഡീസലിനു 10 പൈസ മുതല്‍ 1.01 രൂപ വരെ കൂട്ടണമെന്നാണു പമ്പുടമകള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ പെട്രോളിനു 1.49 രൂപയും ഡീസലിനു 91 പൈസയുമാണു കമ്മീഷന്‍. വൈദ്യുതി ചാര്‍ജും തൊഴിലാളികളുടെ കൂലിയും കൂടിയ സാഹചര്യത്തില്‍ കമ്മീഷന്‍ ഉടനേ കൂട്ടണമെന്നാണു ഡീലര്‍മാരുടെ ആവശ്യം.