കേരളം ഭരിക്കുന്നത് മുസ്‌ലീം ലീഗാണെന്ന് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്

single-img
6 October 2012

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പ്രസ്താവന. കേരളം ഭരിക്കുന്നത് മുസ്‌ലീം ലീഗാണെ്‌നാണ് ഇബ്രാഹിം കുഞ്ഞ് പൊതുയോഗത്തില്‍ പറഞ്ഞത്. ലീഗിന് അഹിതമായതൊന്നും സംസ്ഥാനത്ത് നടക്കില്ലെന്നും ലീഗിന്റെ പ്രവര്‍ത്തകരും അംഗങ്ങളും ഇക്കാര്യം മനസിലാക്കണമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പട്ടാമ്പിക്കടുത്ത് കുലുക്കല്ലൂരില്‍ ലീഗ് പ്രവര്‍ത്തകസമിതിയോഗത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഇബ്രാഹീം കുഞ്ഞിന്റെ പരാമര്‍ശം.

ലീഗാണ് സംസ്ഥാനത്ത് ഭരണം നിയന്ത്രിക്കുന്നതെന്ന് പലരും പറയുന്നുണ്‌ടെന്ന് പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. ലീഗ് അത് സമ്മതിച്ച് കൊടുത്തിട്ടില്ലെങ്കില്‍ പോലും സത്യം അതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലീഗിന് ഹിതകരമല്ലാത്തത് ഒന്നും അള്ളാഹുവിന്റെ കാരുണ്യത്താല്‍ ഇവിടെ നടക്കില്ല. നമ്മളാണ് ഭരണം നടത്തുന്നതെന്നും നമ്മളാണ് ഇതിന്റെ കാര്യകര്‍ത്താക്കളെന്നും ഇബ്രാഹിം കുഞ്ഞ് പറയുന്നു. യുഡിഎഫ് ഘടകകക്ഷികളിലും കോണ്‍ഗ്രസിലും നേരത്തെ പലരും ഉന്നയിച്ചിരുന്ന ആരോപണമാണ് ഇപ്പോള്‍ ലീഗ് മന്ത്രി പരസ്യമായി സമ്മതിച്ചിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവന സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന കാര്യത്തിലും സംശയമില്ല.

അഞ്ചാം മന്ത്രി പ്രശ്‌നത്തിലും മലപ്പുറത്തെ എയ്ഡഡ് സ്‌കൂള്‍ വിവാദത്തിലും തുടങ്ങി ഏറ്റവുമൊടുവില്‍ എമേര്‍ജിംഗ് കേരള പരിപാടിയില്‍ പോലും ലീഗിനെതിരേ കോണ്‍ഗ്രസിലെ ഒരു വിഭാഗവും യുഡിഎഫ് ഘടകകക്ഷികളും സമാനമായ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ ഇത് വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടയിലാണ് ഇബ്രാഹിം കുഞ്ഞിന്റെ പരസ്യപ്രസ്താവന.