സന്തോഷ് ട്രോഫി കേരളത്തില്‍ത്തന്നെയെന്ന് കെ.എഫ്.എ

single-img
6 October 2012

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗി(സിസിഎല്‍)നിടയില്‍പ്പെട്ട് സന്തോഷ് ട്രോഫി കേരളത്തിനു നഷ്ടമാകില്ലെന്നു കെഎഫ്എ. ഇതു സംബന്ധിച്ച് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്ന് ഉറപ്പു ലഭിച്ചതായും അവര്‍ വ്യക്തമാക്കി. സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ ക്ലസ്റ്റര്‍ മത്സരങ്ങള്‍ വിവിധ ജില്ലകളിലെ വേദികളിലായി നടത്തും. ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കെഎഫ്എ സെക്രട്ടറി പി. അനില്‍കുമാര്‍ ദീപികയോടു പറഞ്ഞു. ക്ലസ്റ്റര്‍ പോരാട്ടങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ നടത്താനാണു പദ്ധതി. ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കു മാത്രം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകും. ഇങ്ങനെ വരുമ്പോള്‍ ചുരുക്കം മത്സരങ്ങള്‍ മാത്രം കൊച്ചിയില്‍ നടത്തിയാല്‍ മതി. ഇതോടെ ഫെബ്രുവരി എട്ടിന് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് മത്സരം നിശ്ചിത തീയതിയില്‍ത്തന്നെ നടക്കുമെന്നുറപ്പായി. കേരള സ്‌ട്രൈക്കേഴ്‌സിന്റെ രണ്ടു മത്സരങ്ങളുള്‍പ്പെടെ നാലു മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുന്നത്. ഇതിനായി രണ്ടുദിവസം മാത്രം അവര്‍ക്കു നല്കിയാല്‍ മതിയെന്നും വ്യക്തമാക്കി.