മാനംകാക്കല്‍ കൊല: കുടുംബത്തിലെ അഞ്ചു പേര്‍ക്കു വധശിക്ഷ

single-img
6 October 2012

കുടുംബത്തിന്റെ മാനംകാക്കാന്‍ മകളെയും പട്ടികജാതിക്കാരനായ കാമുകനെയും കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കു ഡല്‍ഹി കോടതി വധശിക്ഷ വിധിച്ചു. ഇരകളുടെ ഭാഗത്തുനിന്നു പ്രകോപനമില്ലാതിരുന്നിട്ടും ദയാരഹിതമായി പീഡിപ്പിച്ചശേഷം ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളുടെ രീതി മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി രമേഷ് കുമാര്‍ സിംഗാള്‍ നിരീക്ഷിച്ചു.

ഗോഗുല്‍പുരിയിലെ അയല്‍ക്കാരായിരുന്ന ആശയും(19) കാമുകന്‍ യോഗേഷും(20) 2010 ജൂണിലാണു കൊല്ലപ്പെട്ടത്. ആശയുടെ മാതാപിതാക്കളായ മായ, സൂരജ്, അമ്മാവന്‍ ഓം പ്രകാശ്, ഓംപ്രകാശിന്റെ ഭാര്യ കുശ്ബു, ആശയുടെ ബന്ധു സഞ്ജീവ് എന്നിവര്‍ക്കാണു ശിക്ഷ. ഹൈക്കോടതി വധശിക്ഷ ശരിവയ്ക്കണം. പ്രതികള്‍ 20,000 രൂപ പിഴ അടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ടാക്‌സി ഓടിച്ചിരുന്ന യോഗേഷുമായി ആശ പ്രണയത്തിലായിരുന്നു. യോഗേഷിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ആശ മാതാപിതാക്കളെ അറിയിച്ചു. പട്ടികജാതിക്കാരനായ യോഗേഷിനെ അംഗീകരിക്കാന്‍ ആശയുടെ കുടുംബം തയാറായില്ല. ആശ നിര്‍ബന്ധംതുടര്‍ന്നപ്പോള്‍ ആശയെ യും യോഗേഷിനെയും മര്‍ദ്ദിച്ചവശരാക്കിയശേഷം ഷോക്കടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതികളുടെ നിഷ്ഠൂരകൃത്യം മനുഷ്യത്വത്തിനു നിരക്കാത്തതും അപരിഷ്‌കൃതവുമാണെന്നു കോടതി നിരീക്ഷിച്ചു. വധശിക്ഷയില്‍ കുറഞ്ഞൊരു ശിക്ഷ പ്രതികള്‍ അര്‍ഹിക്കുന്നില്ല. വികസിതമായ മെട്രോ നഗരങ്ങളില്‍ ഇത്തരം കാടത്തം അനുവദിക്കാനാവില്ലെന്നും ജഡ്ജി വിധിന്യായത്തില്‍ കൂട്ടിച്ചേര്‍ത്തു.