ട്രാക്കില്‍ തെങ്ങിന്‍തടിയിട്ട് ട്രെയിന്‍ അട്ടിമറിശ്രമം

single-img
4 October 2012

കഴിഞ്ഞദിവസം ചെമ്പിശേരി മേല്‍പ്പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ കരിങ്കല്ലുവച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തിനു പിന്നാലെ ചാലക്കുടിക്കു സമീപവും ട്രെയിന്‍ അട്ടിമറിശ്രമം. വെള്ളാഞ്ചിറയ്ക്കും ആളൂരിനും മധ്യേ ട്രാക്കില്‍ തെങ്ങിന്‍തടിയിട്ടാണ് അട്ടിമറിശ്രമമുണ്ടായത്. ഇതിനുശേഷം ഇതുവഴി കടന്നുപോയ ഹുബ്ലി- കൊച്ചുവേളി തീവണ്ടിയുടെ എന്‍ജിന് തെങ്ങിന്‍തടിയില്‍ തട്ടി കേടുപാടുപറ്റി. ആര്‍ക്കും പരിക്കില്ല. ഇന്ന് പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. കൊച്ചുവേളിയിലേക്കു പോകുകയായിരുന്നു ട്രെയിന്‍. തകരാറിലായ ട്രെയിന്‍ ഒരു വിധത്തില്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എറണാകുളത്തുനിന്നും മറ്റൊരു എന്‍ജിന്‍ കൊണ്ടുവന്ന് ഘടിപ്പിച്ചശേഷം പുലര്‍ച്ചെ 4.20നാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. തെങ്ങിന്‍തടി റെയില്‍വേ ട്രാക്കില്‍ ആരോ കൊണ്ടുവന്നിട്ടതാണെന്ന് സംശയിക്കുന്നു. എന്‍ജിന്റെ ഉള്ളിലകപ്പെട്ട തെങ്ങിന്‍തടിയുടെ കഷണം എന്‍ജിന്റെ പൈപ്പുകള്‍ തകര്‍ത്തു. കൊടകര പോലീസും റെയില്‍വേ പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. ട്രാക്കില്‍ തെങ്ങിന്‍തടിയിട്ട് അട്ടിമറിശ്രമം നടത്തിയതു തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.