പത്തനംതിട്ട ജില്ലാകമ്മിറ്റി ബാലകൃഷ്ണപിള്ള പിരിച്ചുവിട്ടു

single-img
4 October 2012

കേരള കോണ്‍ഗ്രസ് ബി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണിള്ള പിരിച്ചുവിട്ടു.ഇതേതുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിലപാടുകള്‍ക്കും നേതൃത്വത്തിനു പിന്തുണ പ്രഖ്യാപിച്ചു. പിള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉപജാപകവൃന്ദത്തിന്റെ പിടിയിലാണെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പൂര്‍ണ പിന്തുണ നല്കുമെന്നും പിരിച്ചുവിട്ട ജില്ലാ കമ്മിറ്റിയംഗങ്ങളും ഭാരവാഹികളും പത്രസമ്മേളനത്തില്‍ പറഞ്ഞു.

സെപ്റ്റംബര്‍ 29നു ജില്ലാ പ്രവര്‍ത്തകസമിതിയോഗം വിളിച്ചുകൂട്ടിയെങ്കിലും പത്തനംതിട്ടയിലെത്തിയ ചെയര്‍മാനെ യോഗത്തില്‍ പങ്കെടുപ്പിച്ചില്ലെന്നും പകരമായെത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടുകൊണ്ടുള്ള ചെയര്‍മാന്റെ തീരുമാനം അറിയിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. യുഡിഎഫില്‍ നിന്നുകൊണ്ട് ഗവണ്‍മെന്റിന്റെ നയങ്ങളും തീരുമാനങ്ങളും ചോദ്യം ചെയ്യുന്നതും വിമര്‍ശിക്കുന്നതും മുന്നണി മര്യാദകള്‍ക്കു ചേര്‍ന്നതല്ലെന്നും നേതാക്കള്‍ അറിയിച്ചു. ജില്ലാ കമ്മിറ്റിയിലെ 15 അംഗങ്ങളില്‍ 13 പേരും ഗണേഷ് കുമാറിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നവരാണെന്നും അവര്‍ അവകാശപ്പെട്ടു.