കള്ള് നിരോധനം: എക്‌സൈസ് മന്ത്രിക്ക് കോടതിയുടെ വിമര്‍ശനം

single-img
4 October 2012

കള്ള് നിരോധനം സംബന്ധിച്ച എക്‌സൈസ് മന്ത്രിയുടെ പരാമര്‍ശത്തിനെതിരേ ഹൈക്കോടതി. എന്ത് കുടിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതിയല്ലെന്നുമുള്ള കെ ബാബുവിന്റെ പരാമര്‍ശമാണ് ഹൈക്കോടതി വിമര്‍ശിച്ചത്.

ജനങ്ങള്‍ തന്നിഷ്ടപ്രകാരം ജീവിച്ചാല്‍ നിയമങ്ങള്‍ക്ക് എന്താണ് പ്രസക്തിയെന്ന് കോടതി ചോദിച്ചു. വോട്ടുബാങ്ക് ലക്ഷ്യം വെച്ചാണ് ഇത്തരം പ്രസ്താവനകളെന്നും ജനങ്ങളുടെ ആരോഗ്യത്തിലല്ല സര്‍ക്കാരിന് താല്‍പര്യമെന്നും ജസ്റ്റീസ് സിരിജഗന്‍ ചൂണ്ടിക്കാട്ടി. കള്ള് നിരോധിക്കാനാകില്ലെങ്കില്‍ നല്ല കള്ള് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ലൈസന്‍സ് ഉപയോഗിച്ചാണ് കള്ള് വ്യവസായം നടത്തുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ഏറ്റവും നല്ല ഉല്‍പ്പന്നം ലഭിക്കാനുള്ള അവകാശമുണ്ട്. അബ്കാരി നിയമം തന്നെ അതിനാണ്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

കള്ള് നിരോധിച്ചാല്‍ തൊഴില്‍ നഷ്ടമുണ്ടാകമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കള്ള് ശീതള പാനീയമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യകള്‍ നിലവിലുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ ഇത് പ്രാവര്‍ത്തികമാക്കുന്നുണ്ട്. കേരളത്തിനും ഇത് മാതൃകയാക്കാവുന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള സാധ്യതകളിലേക്കൊന്നും തിരിയാതെ കള്ള് വില്‍പന പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ എക്കാലത്തും കൈക്കൊള്ളുന്നതെന്നും കോടതി കുറ്റപ്പെടുത്തി. കോടതിയുടെ പരാമര്‍ശത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ഒന്നാകെ കോടതിക്കെതിരേ തിരിഞ്ഞത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ജസ്റ്റീസ് സിരിജഗന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ കോടതിയോട് അനാദരവ് കാട്ടിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കള്ള് നിരോധനവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ തനിക്കെതിരേ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും മറ്റൊരു കേസ് പരിഗണിക്കവേ കോടതി ഒരു പരാമര്‍ശം നടത്തുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പ്രതികരിച്ചു.