ഗദ്ദാഫിയെ കൊല്ലാന്‍ ഉത്തരവു നല്‍കിയത് സര്‍ക്കോസിയെന്ന്

single-img
2 October 2012

മുന്‍ ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയെ പിടികൂടി കൊലപ്പെടുത്തിയത് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ നിര്‍ദേശ പ്രകാരം ഫ്രഞ്ച് രഹസ്യപ്പോലീസിലെ ചാരനാണെന്നു റിപ്പോര്‍ട്ട്.

സര്‍ക്കോസിയുടെ 2007ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഗദ്ദാഫി വന്‍തുക നല്‍കിയിരുന്നുവത്രേ. ഇതു സംബന്ധിച്ച തെളിവു പുറത്തുവിടുമെന്ന് ഗദ്ദാഫി ഭീഷണി മുഴക്കിയതാണ് അദ്ദേഹത്തെ വകവരുത്താന്‍ സര്‍ക്കോസിയെ പ്രേരിപ്പിച്ചതെന്ന് ബ്രിട്ടീഷ് പത്രങ്ങളായ ഡെയിലി മെയിലും ദ ടെലഗ്രാഫും റിപ്പോര്‍ട്ടു ചെയ്തു. സിര്‍ത്തേ നഗരത്തിലെ ഒരു പൈപ്പില്‍ ഒളിച്ചിരുന്ന ഗദ്ദാഫിയെ കഴിഞ്ഞ ഒക്ടോബര്‍ 20നാണ് ലിബിയയിലെ വിമതര്‍ കണെ്ടത്തി പിടികൂടിയത്. തുടര്‍ന്ന് അദ്ദേഹത്തെ അവര്‍ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍ ലോകമാസകലം പ്രചരിക്കുകയുണ്ടായി. എന്നാല്‍ ജനക്കൂട്ടത്തില്‍ നുഴഞ്ഞുകയറിയ ഫ്രഞ്ച് ചാരന്‍ ഗദ്ദാഫിയെ തലയ്ക്കു വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് ഡെയിലി മെയില്‍ പറയുന്നു.