പാകിസ്ഥാന്‍ പുകയുന്നു; വിഷയം ഹിന റബ്ബാനിയുടെ പ്രണയം

single-img
27 September 2012

പി.പി.പി യുടെ ഭാവിനേതാവും പ്രസിഡന്റ് ആസിഫ്അലി സര്‍ദാരിയുടെ മകനുമായ ബിലാവല്‍ ഭൂട്ടോയുമായുള്ള ഹീന റബ്ബാനിയുടെ പ്രണയബന്ധം പാകിസ്ഥാനില്‍ കോളിളക്കം സൃഷ്ടിക്കുന്നു. ബന്ധം പുറത്തായതോടെ ആസിഫ് അലി സര്‍ദാരി രോഷത്തിലാണെന്നാണു റിപ്പോര്‍ട്ട്. ഹിനയെ വിദേശകാര്യമന്ത്രിസ്ഥാനത്തുനിന്ന് ഉടന്‍ നീക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ, ഹിന രാജിസന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്.

ബംഗ്ലാദേശിലെ ടാബ്ലോയ്ഡ് പത്രമായ വീക്ക്‌ലി ബ്ലിറ്റ്‌സ് ആണ് പാക് രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കി പ്രണയവാര്‍ത്ത പുറത്തുവിട്ടത്. 24കാരനായ ബിലാവലിനേക്കാള്‍ 11 വയസ് പ്രായക്കൂടുതലുള്ള ഹിന രണ്ടു പെണ്‍കുട്ടികളുടെ അമ്മകൂടിയാണ്. വിവാഹത്തിനായി വ്യവസായ പ്രമുഖനും കോടീശ്വരനുമായ ഭര്‍ത്താവ് ഫിറോസുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ ഹിന തീരുമാനിച്ചിരിക്കുകയാണെന്നും ടാബ്ലോയ്ഡ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അതേസമയം, ഹിനയുടെ ഫോണ്‍കോളുകളുടെ വിശദാശം തേടി ഭര്‍ത്താവ് ഫിറോസ് ഗുല്‍സാര്‍ ടെലികോംഅധികൃതര്‍ക്ക് അപേക്ഷ നല്കി. ഇതിനുശേഷമായിരിക്കും അദ്ദേഹത്തിന്റെ തുടര്‍നടപടി.

പി.പി.പിയുടെ പാര്‍ട്ടിചെയര്‍മാന്‍ സ്ഥാനം രാജിവച്ചു, രാഷ്ട്രീയം അവസാനിപ്പിച്ച് ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ രാജ്യം വിട്ടുപോയി ഹിനയെ വിവാഹം ചെയ്തു സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്ഥിരതാമസമാക്കാനുള്ള തീരുമാനത്തിലാണു ബിലാവലെന്നാണു സര്‍ദാരികുടുംബവുമായി അടുപ്പമുള്ളവര്‍ പറയുന്നു.