മുല്ലപ്പെരിയാർ രേഖകൾ കേരളത്തിന്

single-img
25 September 2012

ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ഉന്നതാധികാര സമിതി നടത്തിയ അന്വേഷണ രേഖകള്‍ കേരളത്തിന് ലഭിച്ചു. സുപ്രീം കോടതിയാണ് സമിതിയില്‍ നിന്നും രേഖകള്‍ ലഭ്യമാക്കിയത്. അണക്കെട്ടിന്റെ സുരക്ഷയും മറ്റും സംബന്ധിച്ച് നടത്തിയ 13 തരത്തിലുള്ള പഠന റിപ്പോര്‍ട്ടകുളാണ് ലഭിച്ചത്.വിദഗ്ധ പഠനങ്ങളുള്‍പ്പെടെ മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകളെല്ലാം ലഭ്യമാക്കണമെന്ന് കേരളവും തമിഴ്‌നാടും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന തങ്ങളുടെ വാദം തയ്യാറാക്കാന്‍ ഈ റിപ്പോര്‍ട്ടുകള്‍ അനിവാര്യമാണെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി രേഖകള്‍ കൈമാറിയത്.50 സി.ഡികളിലും നാല് ഡി.വി.ഡികളിലുമായാണ് രേഖകൾ. സുരക്ഷാ ഭീഷണി പരിഗണിക്കാതെയാണ് ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് കേരളത്തിന്റെ വാദം. റൂര്‍ക്കി ഐ.ഐ.ടിയുമായി ചേര്‍ന്ന് കേരളം ഈ രേഖകള്‍ പരിശോധിച്ച് വാദം തയ്യാറാക്കും. നേരത്തെ ഐ.ഐ.ടി മുല്ലപ്പെരിയാര്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അണക്കെട്ട് സ്ഥിതി ചെയ്യുന്ന മേഖല ഭൂചലന ഭീഷണിയടക്കം നേരിടുന്നുവെന്നായിരുന്നു അന്നത്തെ കണ്ടെത്തൽ.