ആരുഷി വധക്കേസിലെ മുഖ്യ സാക്ഷി വാഹനാപകടത്തിൽ മരിച്ചു

single-img
25 September 2012

ഗാസിയാബാദ്:നോയിഡയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആരുഷി തൽവാറും വീട്ടു ജോലിക്കാരൻ ഹേമരാജും കൊല്ലപ്പെട്ട കേസിലെ മുഖ്യ സാക്ഷി വാഹനാപകടത്തിൽ മരിച്ചു.കേസ് ആദ്യഘട്ടത്തില്‍ അന്വേഷിച്ച പൊലീസ് സംഘത്തിലൊരാളായ ജഗ്ബീര്‍ സിങ് മാലിക്കാണ് മരിച്ചത്.ഈ മാസം 21നാണ് അപകടം നടന്നത്.ഗാസിയാബാദിലെ മസൂരി മേഖലയിലെ പോലീസ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചു കയറിയായിരുന്നു അപകടം.ജഗ്ബീർ ഉൾപ്പെടെ മൂന്നു പേരാണ് മരിച്ചത്.സംഭവത്തിൽ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു.കേസിന്റെ ആദ്യ ഘട്ടത്തിലെ പതിനൊന്നു ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഈ കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുത്തു. കൊലക്കുശേഷം ആദ്യമായി ആരുഷിയുടെ വീട് സന്ദര്‍ശിച്ച പൊലീസ് സംഘത്തിലും ജഗ്ബീര്‍ ഉണ്ടായിരുന്നു. ഇവിടെ വെച്ച് ആരുഷിയുടെ കമ്പ്യൂട്ടര്‍ ഇദ്ദേഹം കണ്ടെടുക്കുകയും ചെയ്തു.ഈ അന്വേഷണ സംഘത്തെ സി.ബി.ഐ പിന്നീട് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ, കേസിലെ 140 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് ജഗ്ബീര്‍ എന്നും അയാളുടെ മരണം അന്വേഷണത്തെ ബാധിക്കില്ലെന്നും സി.ബി.ഐ പറഞ്ഞു.