നടന വിസ്മയം ഓർമ്മയായി

single-img
24 September 2012

തിരുവനന്തപുരം:അഭിനയത്തിന്റെ പെരുന്തച്ചന്‍ മഹാനടന്‍ തിലകന്‍ അരങ്ങൊഴിഞ്ഞു. രണ്ടു മാസത്തോളമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്നലെ പുലർച്ചെയായിരുന്നു അന്തരിച്ചത്.കഴിഞ്ഞ കുറെ ദിവസങ്ങളിലായി വെന്റ്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടു കൂടി തൈക്കാട് ശാന്തി കവാടത്തിൽ നടത്തി.തിലകന് ആദരാഞ്ജലികൾ അർപ്പിക്കാനും ആ പ്രിയ നടന്റെ സരീരം അവസാനമായി ഒരു നോക്കു കാണാനുമായി വൻ ജനാവലി തന്നെ വിജെ ടി ഹാളിലും ശാന്തി കവാടത്തിലും എത്തിയിരുന്നു.പതിനൊന്നു മണിയോടെ പൊതു ദർശനത്തിനായി തിലകനെ വി ജെ ടി ഹാളിലേക്ക് കൊണ്ടു വന്നു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ ഒട്ടേറെപ്പേർ ആദരാഞ്ജലികൾ അർപ്പിക്കുകയും മൂന്നരയോടെ ശാന്തി കവാടത്തിലേക്ക് കൊണ്ടു പോകുകയും ചെയ്തു.മൂത്തമക്കളായ ഷാജിയും ഷമ്മിയും ചേർന്നാണ് അന്ത്യ കർമ്മങ്ങൾ നടത്തിയത്.