ട്രെയിന്‍ കാറിലിടിച്ചു അഞ്ചുപേര്‍ മരിച്ചു

single-img
23 September 2012

അരൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ആളില്ലാ ലെവല്‍ക്രോസില്‍ കാറില്‍ ട്രെയിനിടിച്ച് അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട ഇന്‍ഡിക്ക കാര്‍ ഓടിച്ചിരുന്ന അരൂര്‍ കളത്തിപ്പറമ്പില്‍ വീട്ടില്‍ സോമന്റെ മകന്‍ സുമേഷ്(27), സുമേഷിന്റെ സഹോദരിയുടെ ഭര്‍തൃപിതാവ് എളങ്കുന്നപ്പുഴ പൂക്കാട് അമ്മപ്പറമ്പില്‍ കാര്‍ത്തികേയന്‍(65), മറ്റൊരു സഹോദരിയുടെ ഭര്‍തൃപിതാവ് പെരുമ്പളം ഏഴാംവാര്‍ഡ് കൊച്ചുപറമ്പില്‍ വീട്ടില്‍ കെ.എ. നാരായണന്‍(65), സുമേഷിന്റെ പിതൃസഹോദരീഭര്‍ത്താവ് തൈക്കാട്ടുശേരി പഞ്ചായത്ത് ആറാംവാര്‍ഡില്‍ നഗരി അഞ്ചുതൈക്കല്‍ വീട്ടില്‍ ചെല്ലപ്പന്‍(55), സുമേഷിന്റെ സുഹൃത്ത് അരൂര്‍ നെയ്ത്തുപുരയ്ക്കല്‍ വിന്‍സെന്റിന്റെ രണ്ടര വയസുള്ള മകന്‍ നെല്‍ഫിന്‍ എന്നിവരാണു മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞു 2.30ന് അരൂരിലെ വിജയാംബിക ലിങ്ക് റോഡിലെ ആളില്ലാ ലെവല്‍ക്രോസിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം. സഹോദരന്റെ വിവാഹം ഉറപ്പിക്കലുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ബന്ധുക്കളുമായി ബസ്‌സ്റ്റോപ്പിലേക്കു പോവുകയായിരുന്നു സുമേഷ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നു 2.15നു പുറപ്പെട്ട ഹാപ്പ-തിരുനെല്‍വേലി എക്‌സ്പ്രസാണു കാറിനെ ഇടിച്ചുതെറിപ്പിച്ചത്. കാറിന്റെ ഒരു ഭാഗം വേര്‍പെട്ടു ട്രെയിനില്‍ കുടുങ്ങിക്കിടന്നു. ശേഷിച്ച ഭാഗം നൂറു മീറ്ററോളം ദൂരേക്കു തെറിച്ചു പോയി. യാത്രക്കാരും ദൂരേക്കു തെറിച്ചുപോയി.

അരൂര്‍ പാലം കടന്നുവരുമ്പോള്‍ വേഗം കുറച്ചാണു ട്രെയിന്‍ എത്തിയത്. ഒരുവര്‍ഷം മുമ്പു ഗേറ്റ്കീപ്പര്‍ക്കായി മുറി പണിയിച്ചെങ്കിലും സ്റ്റേഷനു സമീപത്തെ ഈ ക്രോസില്‍ കാവലില്ല.സമീപത്തു പൊന്തക്കാടും കൂടിയുള്ളതിനാല്‍ കാറിലുള്ളവര്‍ക്കു ട്രെയിന്‍ വരുന്നതു കാണാനാകുമായിരുന്നില്ല. കാര്‍ ലെവല്‍ ക്രോസിന്റെ ഒത്ത നടുക്കെത്തിയപ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്നു നാട്ടുകാര്‍ തടഞ്ഞിട്ട ട്രെയിന്‍ ഏറെ നേരത്തിനു ശേഷമാണു വിട്ടത്.