പെരുന്തച്ചന്‍ അരങ്ങൊഴിഞ്ഞു

single-img
23 September 2012

അഭിനയത്തിന്റെ പെരുന്തച്ചന്‍ മഹാനടന്‍ തിലകന്‍ അരങ്ങൊഴിഞ്ഞു. രണ്ടു മാസത്തോളമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3.35 നായിരുന്നു അന്തരിച്ചത്. 74 വയസായിരുന്നു. രാവിലെ 11 മണിക്ക് വിജെടി ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന മൃതദേഹം വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. കിംസ് ആശുപത്രിയില്‍ നിന്നും മൃതദേഹം മകന്‍ ഷോബി തിലകന്റെ വസതിയിലേക്ക് മാറ്റി. ഇതിനുശേഷം പുളിമൂടുള്ള മകളുടെ വസതിയിലും പൊതുദര്‍ശനത്തിന് വെയ്ക്കും.

ഒരുമാസം മുന്‍പ് മുമ്പ് ഒറ്റപ്പാലത്ത് സെറ്റില്‍ വച്ചാണ് തിലകന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ വാണിയംകുളത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കാര്യമായ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് അവിടെനിന്ന് അദ്ദേഹത്തെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. രോഗം ഭേദമായതിനു ശേഷം തിരുവനന്തപുരത്ത് വേട്ടമുക്കിലെ കട്ടച്ചല്‍ റോഡിലുള്ള മകന്‍ ഷോബി തിലകനൊപ്പമായിരുന്നു താമസം. ഇവിടെവച്ച് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കിംസ് ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. ഹൃദയാഘാതവും മസ്തിഷ്ഘാതവും ഉണ്ടായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. ന്യുമോണിയ കുടി ബാധിച്ചതോടെ വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായി.

1938 ജുലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയൂരിലായിരുന്നു സുരേന്ദ്രനാഥ തിലകന്റെ ജനനം. കുട്ടിക്കാലത്തുതന്നെ നാടകാഭിനയരംഗത്ത് കടന്നുവന്നതിലകന്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് നാടക സമിതി രൂപീകരിച്ചു. മുണ്ടക്കയം നാടകസമിതി. തുടര്‍ന്ന് കൊല്ലത്തെ കാളിദാസ കലാകേന്ദ്രത്തിലും ചങ്ങനാശേരി ഗീതയിലും പിന്നീട് പി.ജെ. ആന്റണിയുടെ നാടക ട്രൂപ്പിലും അംഗമായി. നാടക വേദിയില്‍ നിന്നാണ് ഭാവാവിഷ്‌കാരത്തിന്റെ ഹരിശ്രീ അദ്ദേഹം ഹൃദിസ്ഥമാക്കിയത്. ശരീര ഭാഷയുടെ അപാര സാധ്യതകള്‍ അദ്ദേഹം തിരിച്ചറിഞ്ഞതും നാടകരംഗത്തു നിന്നാണ്. അതിന്റെ ശക്തിയും ചൈതന്യവുമാണ് താന്‍ കൈകാര്യം ചെയ്ത കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാന്‍ അദ്ദേഹത്തെ പിന്നീട് പ്രാപ്തനാക്കിയതും.

1979-ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് തിലകന്‍ കടന്നുവരുന്നത്. നാടകരംഗത്തുനിന്ന് അഭ്രപാളികളിലേക്കു കുടിയേറി പ്രതിഭ തെളിയിച്ച മുന്‍ഗാമികളുടെ പാത പിന്‍തുടര്‍ന്നാണ് തിലകന്‍ സിനിമയുടെ മാസ്മരിക ലോകത്തെത്തിയത്. പിന്നീട് സിനിമ തിലകനെന്ന കലാകാരനേയും തിലകന്‍ എന്ന അഭിനേതാവ് മലയാള സിനിമയേയും വാരിപ്പുണരുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. ഇരുന്നൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. മലയാളത്തിനു പുറമേ ഏതാനും തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1982-ല്‍ കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത യവനിക എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. പിന്നീട് 85,86,87,88,98 വര്‍ഷങ്ങളില്‍ യഥാക്രമം യാത്ര, പഞ്ചാഗ്നി, തനിയാവര്‍ത്തനം, മുക്തി, ധ്വനി, കാറ്റത്തൊരു പെണ്‍പൂവ്, യമനം തുടങ്ങിയ ചിത്രങ്ങളിലെ മികച്ച അഭിനയത്തിനും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. 1990-ല്‍ പെരുന്തച്ചന്‍ എന്ന സിനിമയിലെ അഭിനയത്തിനും 94 ല്‍ സന്താനഗോപാലം എന്ന സിനിമകളിലെ അഭിനയത്തിനും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. 1988-ല്‍ ഋതുഭേദം എന്ന സിനിമയിലെ അഭിനയത്തിന് ബെസ്റ്റ് സപ്പോര്‍ട്ടിംഗ് നടനുള്ള ദേശീയ പുരസ്‌കാരവും 2007-ല്‍ എകാന്തം എന്ന സിനിമയിലൂടെ കേന്ദ്രസര്‍ക്കാരിന്റെ സ്‌പെഷല്‍ ജൂറി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ഏറെ പ്രശംസിക്കപ്പെട്ട ‘പെരുന്തച്ചനി’ലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിക്കാതെ പോയതില്‍ അദ്ദേഹം വളരെ നിരാശനായിരുന്നു.എങ്കിലും അവാര്‍ഡുകളുടെ തിളക്കത്തേക്കാള്‍ പ്രേക്ഷകന്റെ അംഗീകാരം പിടിച്ചെടുക്കുന്നവയായിരുന്നു ചെറുതായാലും വലുതായാലും തിലകന്‍ ചെയ്ത ഓരോ വേഷവും.