പാക്കിസ്ഥാനില്‍ വന്‍പ്രക്ഷോഭം; 20 പേര്‍ കൊല്ലപ്പെട്ടു

single-img
22 September 2012

യുഎസില്‍ നിര്‍മിച്ച ഇസ്്‌ലാംവിരുദ്ധ സിനിമയ്‌ക്കെതിരേ പാക്കിസ്ഥാനില്‍ ഇന്നലെ നടന്ന പ്രക്ഷോഭത്തില്‍ കുറഞ്ഞത് 20 പേര്‍ക്കു ജീവഹാനി നേരിട്ടു. 200ല്‍ അധികം പേര്‍ക്കു പരിക്കേറ്റു. കറാച്ചിയില്‍ പത്തുപേരും പെഷവാറില്‍ അഞ്ചു പേരും കൊല്ലപ്പെട്ടെന്നു പാക് അധികൃതര്‍ സ്ഥിരീകരിച്ചു. യുഎസിനെതിരേ മുദ്രാവാക്യം മുഴക്കി എത്തിയ പ്രകടനക്കാര്‍ സിനിമാശാലകളും ബാങ്കുകളും അഗ്നിക്കിരയാക്കി. അക്രമം ഭയന്ന് പ്രമുഖ നഗരങ്ങളില്‍ സെല്‍ഫോണ്‍ സര്‍വീസ് റദ്ദാക്കിയിരുന്നു.

യുഎസ് പ്രതിനിധി റിച്ചാര്‍ഡ് ഹോഗ്‌ലാന്‍ഡിനെ വിദേശമന്ത്രാലയത്തില്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച പാക് സര്‍ക്കാര്‍, പ്രസ്തുത സിനിമയുടെ വീഡിയോ യുട്യൂബില്‍നിന്നു നീക്കം ചെയ്യാന്‍ അമേരിക്ക നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. പ്രക്ഷോഭണത്തിനു പിന്തുണ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇന്നലെ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ജീവനും സ്വത്തിനും നഷ്ടം വരുത്താതെ സമാധാനപരമായി പ്രതിഷേധപ്രകടനം നടത്തണമെന്ന് പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റില്‍ നടത്തിയ കോണ്‍ഫ്രന്‍സില്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫ് നിര്‍ദേശിച്ചിരുന്നു.