കടുത്ത നടപടികള്‍ രാജ്യതാത്പര്യം മുന്‍നിര്‍ത്തി

single-img
21 September 2012

ഇന്ധനവില കൂട്ടിയതടക്കമുള്ള കടുത്ത തീരുമാനങ്ങള്‍ എടുത്തതു രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. ഇന്ത്യക്ക് ആരും വായ്പ നല്‍കാന്‍ തയാറല്ലാതിരുന്ന 1991-ലേതുപോലുള്ള അവസ്ഥ വീണ്ടും വരാതിരിക്കാനാണു താന്‍ ശ്രമിച്ചതെന്നു പ്രധാനമന്ത്രി ഇന്നലെ രാത്രി രാഷ്ട്രത്തോടായി ചെയ്ത പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.സാമ്പത്തിക പരിഷ്‌കാര നടപടികളെ എതിര്‍ത്തു തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവയ്ക്കുകയും ആ പാര്‍ട്ടി യുപിഎ സഖ്യത്തില്‍നിന്നു മാറുകയും ചെയ്ത പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ പ്രസംഗം. ഗവണ്‍മെന്റിന്റെ നടപടികള്‍ ലളിതമായി വിശദീകരിച്ച അദ്ദേഹം ആദ്യം ഹിന്ദിയിലും തുടര്‍ന്ന് ഇംഗ്ലീഷിലും സംസാരിച്ചു. നയങ്ങള്‍ തിരുത്തില്ലെന്നും കൂടുതല്‍ ഉദാരവത്കരണ പരിപാടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനാവശ്യ ഭീതി ഉയര്‍ത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണു ചിലര്‍ ശ്രമിക്കുന്നത്. 1991-ലും ഇങ്ങനെ എതിര്‍പ്രചാരണം ഉണ്ടായതാണ്. അന്നത്തെ നുണപ്രചാരകര്‍ വിജയിച്ചില്ല. ഇപ്പോഴും അവര്‍ വിജയിക്കില്ലെന്ന് അന്നത്തെ പരിഷ്‌കാരങ്ങള്‍ക്കു ചുക്കാന്‍പിടിച്ച മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇന്ത്യയെപ്പറ്റി പുറംലോകത്തിനുള്ള വിശ്വാസം സംരക്ഷിക്കാനും രാജ്യത്തു തൊഴില്‍ വര്‍ധിപ്പിക്കാനുമാണു കടുത്ത നടപടികള്‍. ഒരു ഗവണ്‍മെന്റും ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അതുചെയ്തില്ലെങ്കില്‍ കൂടുതല്‍ ദോഷം വരുമെന്ന സാഹചര്യത്തിലാണു കടുത്ത നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.