വി.എസിനെ തടഞ്ഞത് ജനാധിപത്യവിരുദ്ധമെന്ന് ഉദയകുമാര്‍

single-img
18 September 2012

കൂടംകുളം സമരവേദിയിലേക്ക് തിരിച്ച വി.എസിനെ തടഞ്ഞത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് ആണവ വിരുദ്ധ സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനോട് ടെലിഫോണില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.എസ് വീണ്ടും കൂടംകുളത്തേക്ക് വരണം. ഇത് തമിഴ്‌നാടിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഉദയകുമാര്‍ പറഞ്ഞു. വി.എസിന്റെ സന്ദര്‍ശനം സമരസമിതി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. സാധാരണ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടതുപാര്‍ട്ടികളാണ് ശക്തമായ നിലപാട് സ്വീകരിക്കേണ്ടത്. എന്നാല്‍ കൂടംകുളം വിഷയത്തില്‍ ഇടതുപാര്‍ട്ടികളുടെ നിലപാടില്‍ ഇതേവരെ വ്യക്തത വന്നിട്ടില്ലെന്നും ഉദയകുമാര്‍ ചൂണ്ടിക്കാട്ടി. കൂടംകുളത്തേക്ക് തിരിച്ച വി.എസിനെ അതിര്‍ത്തിപ്രദേശമായ കളിയിക്കാവിളയില്‍ തമിഴ്‌നാട് പോലീസ് തടഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു.