ഇടുക്കിയില്‍ അമേരിക്കന്‍ ആണവപരീക്ഷണശാല; നടക്കില്ലെന്ന് വി.എസ്

single-img
17 September 2012

ഇടുക്കിയില്‍ അമേരിക്കന്‍ ഊര്‍ജവകുപ്പുമായി ചേര്‍ന്ന് ആണവ കണികാ പരീക്ഷണശാല സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. ആണവോര്‍ജ്ജം ജൈവപരിസ്ഥിതിയിലുണ്ടാക്കുന്ന വ്യതിയാനം അറിയാനാണ് പരീക്ഷണം. ഭൂമിക്കടിയില്‍ ടണല്‍ നിര്‍മിച്ച് അതിലൂടെ ആണവ കണികകള്‍ കടത്തിവിട്ട് സ്‌ഫോടനം നടത്തിയാണ് പരീക്ഷണം നടത്തുക. ന്യൂട്രീനോ പരീക്ഷണശാല എന്നറിയപ്പെടുന്ന ടണല്‍ തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് തുടങ്ങി ഇടുക്കിയില്‍ അവസാനിക്കുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതില്‍ പരീക്ഷണശാലയുള്‍പ്പെടെയുള്ള പ്രധാനഭാഗങ്ങള്‍ കേരളത്തിന്റെ ഭൂമിയിലാണ് വരിക. ടണലിന് ഒരു കിലോമീറ്റര്‍ കനമുള്ള ചുമരുകളാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും ഈ ചുമരുകളുടെ ധര്‍മം നിര്‍വഹിക്കുന്നത് സ്വാഭാവിക പാറകളാണെന്നും വി.എസ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ പദ്ധതി ചെറുക്കുമെന്നും മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള ജലസംഭരണികള്‍ സ്ഥിതി ചെയ്യുന്ന ഇടുക്കിയില്‍ ഈ പരീക്ഷണശാല എന്തൊക്കെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഒരു പഠനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്‌ടെങ്കിലും കേരളത്തിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. അതീവരഹസ്യമായി പരീക്ഷണശാല ഒരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്നും വി.എസ് കുറ്റപ്പെടുത്തി.