ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്നു മുതൽ

single-img
17 September 2012

ജിദ്ദ:ലോകത്തിന്റെ നാനാദിക്കുകളിൽ നിന്ന് ഹജ്ജ് നിർവ്വഹിക്കാൻ എത്തുന്ന ഹാജിമാരെ വരവേൽക്കാൻ സൌദി അറേബ്യ ഒരുങ്ങിക്കഴിഞ്ഞു.ഹാജിമാർ എത്തുന്ന ആദ്യ ദിനമായ ഇന്ന് ഇന്ത്യയിൽ നിന്ന് തന്നെ ഒമ്പത് വിമാനങ്ങളാണ് തീർഥാടകരെ വഹിച്ചു കൊണ്ട് എത്തുന്നത്.ഇന്ത്യയിൽ നിന്നുള്ള ആറ് ഹജ്ജ്‌വിമാനങ്ങള്‍ മദീനയിലെ പ്രിന്‍സ് മുഹമ്മദ് വിമാനത്താവളത്തില്‍ ഇറങ്ങും. മൂന്നുവിമാനങ്ങള്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലില്‍ എത്തും. മൊത്തം 2400 തീര്‍ഥാടകരെയാണ് ആദ്യദിനം പ്രതീക്ഷിക്കുന്നത് ജിദ്ദയിലെ ഇന്ത്യന്‍ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു. 125,000 പേരാണ് ഇത്തവണ ഹജ്ജ് കമ്മിറ്റി മുഖേന ഇന്ത്യയില്‍ നിന്നെത്തുന്നത്. ഇതില്‍ വര്‍ധനക്കുള്ള സാധ്യത ഇനി പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്നൂറോളം സ്വകാര്യഗ്രൂപ്പുകള്‍ വഴിയുള്ള 45,000 പേര്‍ക്ക് പുറമെയാണ്. എയര്‍ ഇന്ത്യയും സൗദി അറേബ്യന്‍ എയര്‍ലൈന്‍സുമാണ് ഇത്തവണ തീര്‍ഥാടകരെ കൊണ്ടുവരുന്നത്. എയര്‍ ഇന്ത്യ 54,400 ഹാജിമാര്‍ക്കും സൗദിയ 70,600 ഹാജിമാര്‍ക്കുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.തീര്‍ഥാടകരെ സ്വീകരിക്കാനായി സാധ്യമായ പരമാവധി സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞതായി കോണ്‍സല്‍ നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു.