എമേര്‍ജിംഗ് കേരള; കാര്‍ഷികമേഖലയെ തൊട്ടാല്‍ വിവരമറിയും:സുകുമാരന്‍ നായര്‍

single-img
16 September 2012

എമേര്‍ജിംഗ് കേരളയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഭൂമാഫിയയാണെന്നും മുഖ്യമന്ത്രിയും മറ്റു ഭരണക്കാരും ഈ മാഫിയയുടെ പിടിയിലാണെന്നും അതിന്റെ പേരുപറഞ്ഞ് പരമ്പരാഗത കാര്‍ഷികമേഖലയെ തൊട്ടാല്‍ സര്‍ക്കാര്‍ വിവരമറിയുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ഭീഷണി. എന്‍എസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പെരുന്നയില്‍ നിര്‍മിച്ച മന്നം സ്മാരക ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും മന്നത്ത് പത്മനാഭന്റെ അര്‍ധകായ വെങ്കല പ്രതിമയുടെ അനാഛാദനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നെല്‍വയല്‍ ഇല്ലാതാക്കാന്‍ വ്യവസായവകുപ്പു ശ്രമിക്കുകയാണ്. പരമ്പരാഗത കാര്‍ഷികമേഖല തകര്‍ക്കുന്നതിലൂടെ ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണു നടക്കുന്നതെന്നും ഈ നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ സര്‍ക്കാരിന് അധികകാലം തുടരാമെന്നു കരുതേണെ്ടന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ പേരില്‍ പരമ്പരാഗത കാര്‍ഷികമേഖലയെ കൊള്ളയടിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഒരു കാരണവശാലും ഇത് അനുവദിക്കാനാകില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കേരളം ഭരിക്കുന്ന യുഡിഎഫിനുള്ളില്‍നിന്നുതന്നെ എമേര്‍ജിംഗ് കേരളയുടെ പേരില്‍ ഭിന്നസ്വരങ്ങളാണ് ഉയരുന്നത്. കേരളത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും നല്‍കാമെന്നും കേരളത്തിലുള്ള നെല്‍വയലുകള്‍ വ്യവസായത്തിനായി വിട്ടുകൊടുക്കണമെന്നുമാണു വടക്കേ ഇന്ത്യക്കാരനായ തലേക്കെട്ടുകാരന്‍ അലുവാലിയ പറയുന്നത്. എന്നിട്ടും ഇതില്‍ അപകടമില്ലെന്നാണു മുഖ്യമന്ത്രി പറയുന്നതെന്നു സുകുമാര ന്‍നായര്‍ കുറ്റപ്പെടുത്തി.