അത്ഭുതമായി സിന്ധു

single-img
14 September 2012

പി.വി. സിന്ധു ഉജ്വല പോരാട്ടം കൊണ്ട് ചൈനീസ് മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിസ്മയം തീര്‍ത്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധു പരാജയപ്പെടുത്തിയത് നിസാരക്കാരിയെ അല്ല. ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ലി സുരേയുവിനെ ഒന്നിനെതിരേ മൂന്നു ഗെയിമുകള്‍ക്ക് അട്ടിമറിച്ചാണ് സിന്ധു സെമിയില്‍ കടന്നത്. സ്‌കോര്‍: 21-19, 9-21, 21-16. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരിയായ സുരേയുവിനെ കേവലം 45 മിനിറ്റുകൊണ്ടാണ് സിന്ധു മറികടന്നത്. സൈന നെഹ്‌വാളിന്റെ അഭാവത്തില്‍ ലോകറാങ്കിംഗില്‍ 24-ാം സ്ഥാനത്തുള്ള സിന്ധുവിന്റെ പ്രകടനം എല്ലാവരും ഉറ്റുനോക്കിയിരുന്നു. കളിയുടെ സമസ്ത മേഖലകളിലും എതിരാളിയെ തകര്‍ത്ത പ്രകടനമായിരുന്നു സിന്ധുവിന്റേത്. 24 സ്മാഷ് വിന്നേഴ്‌സാണ് സിന്ധു എതിരാളിക്കെതിരേ നേടിയത്. സിന്ധുവിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയമാണിത്. ലോകറാങ്കിംഗില്‍ 14-ാം സ്ഥാനക്കാരിയായ തായ്‌ലന്‍ഡിന്റെ പോന്‍ടിപ് ബുരാനപ്രസേര്‍സുകിനെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്. 17 കാരിയായ ഈ ഹൈദരാബാദ് സ്വദേശിനി തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഒംഗ്ബുംരംഗ്പന്‍- ചൈനയുടെ യിന്‍ജിയാവോ ജിയാംഗ് മത്സര വിജയിയെയാണ് സെമിയില്‍ നേരിടുന്നത്.