കെഎസ്ആര്‍ടിസിക്കു പ്രതിമാസം ഏഴുകോടിയുടെ അധികബാധ്യത

single-img
14 September 2012

ഡീസല്‍ വിലവര്‍ധനയിലൂടെ കെഎസ്ആര്‍ടിസിക്ക് ഏഴു കോടി രൂപയുടെ പ്രതിമാസ അധികബാധ്യതയുണ്ടാകുമെന്നു റിപ്പോര്‍ട്ട്. പ്രതിദിനം അഞ്ചു ലക്ഷത്തോളം ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കുന്ന കെഎസ്ആര്‍ടിസിക്കു പ്രതിദിനം 22 ലക്ഷം രൂപ അധികമായി കണെ്ടത്തേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി ഫിനാന്‍സ് വിഭാഗം അധികൃതര്‍ പറഞ്ഞു. ഡീസലിന്റെ വില അഞ്ചു രൂപ വര്‍ധിപ്പിക്കുകയും ഇതില്‍ നിന്നു സംസ്ഥാന സര്‍ക്കാരിന്റെ നികുതിയായ 1.15 രൂപ പിന്‍വലിക്കുകയും ചെയ്തതോടെയാണിത്. കെഎസ്ആര്‍ടിസി പ്രതിദിനം 18.6 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തുന്നുണ്ട്. ഒരു ലിറ്റര്‍ ഡീസലിനു ശരാശരി നാലു കിലോമീറ്ററാണു മൈലേജ് ലഭിക്കുന്നത്. ജെനറം പദ്ധതിയിലെ 302 ബസുകള്‍ ഉള്‍പ്പെടെ 5,815 സര്‍വീസുകളാണ് നിലവിലുള്ളത്. എന്നാല്‍, ഇവയില്‍ അഞ്ഞൂറിലേറെ ബസുകള്‍ കട്ടപ്പുറത്തു കിടക്കുന്നതിനാല്‍ അധിക വരുമാനത്തില്‍ ചെറിയ കുറവു വന്നേക്കും. നിലവില്‍ നൂറു കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യത കെഎസ്ആര്‍ടിസി അഭിമുഖീകരിക്കുന്നുണ്ട്. ഇതോടൊപ്പം ഡീസല്‍ വില വര്‍ധനയിലൂടെയുണ്ടായ അധിക ബാധ്യതയിലൂടെ ഏഴു കോടിയോളം രൂപ കണെ്ടത്തേണ്ടി വരും. പ്രതിവര്‍ഷം 80 കോടി രൂപയുടെ അധിക ബാധ്യത. ഡീസല്‍ വിലവര്‍ധന മറികടക്കാന്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണു കെഎസ്ആര്‍ടിസി മുന്നോട്ടുവയ്ക്കുന്നത്.