എമേര്‍ജിംഗ് കേരളയില്‍ 40,000 കോടിയുടെ പദ്ധതികള്‍

single-img
14 September 2012

എമേര്‍ജിംഗ് കേരള നിക്ഷേപകസംഗമത്തില്‍ 40,000 കോടിയിലധികം രൂപയുടെ വ്യക്തതയുള്ള 45 നിക്ഷേപ പദ്ധതികള്‍ സമര്‍പ്പിക്കപ്പെട്ടു. എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ബിപിസിഎലിന്റെ 20,000 കോടിയുടേത്, ഫോക്‌സ്‌വാഗന്റെ എന്‍ജിന്‍ അസംബ്ലി യൂണിറ്റിന്റെ 2,000 കോടി രൂപ യുടേത്, സോളാര്‍ എനര്‍ജി പ്ലാന്റിന്റെ 500 കോടി രൂപയുടേത്, ഹോസ്പിറ്റല്‍ ആന്‍ഡ് പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് സ്ട്രക്ചര്‍ മാനുഫാക്ചറിംഗ് യൂണിറ്റിന്റെ 570 കോടിയു ടേത് തുടങ്ങിയ വന്‍ പദ്ധതികളടക്കമാണിത്.

പ്രമുഖ രാജ്യങ്ങളില്‍നിന്നായി 43 വ്യാപാര നിര്‍ദേശങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 4,676 പേര്‍ രജിസ്റ്റര്‍ ചെയ്ത സംഗമത്തില്‍ 2,512 ബിസിനസ് പ്രതിനിധികളുണ്ടായിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട 142 പദ്ധതികളും ചര്‍ച്ച ചെയ്യപ്പെട്ടു. സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ കിന്‍ഫ്ര ഒരു ലക്ഷം ചതുരശ്ര അടിയില്‍ പുതിയ അടിസ്ഥാന സൗകര്യമൊരുക്കും. ഇതിന്റെ ആദ്യഘട്ടം അടുത്ത മേയില്‍ പൂര്‍ത്തിയാക്കും. കൊച്ചിയില്‍ 100 കോടി രൂപയുടെ പ്രാഥമിക നിക്ഷേപവുമായി 10 ഏക്കറില്‍ ടെക്‌നോളജി ഇനൊവേഷന്‍ സോണ്‍ സ്ഥാപിക്കും. 2014 സെപ്റ്റംബറില്‍ തന്നെ എമേര്‍ജിംഗ് കേരളയുടെ രണ്ടാം നിക്ഷേപക സംഗമം നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.