ഡീസല്‍വില: രാജ്യമെങ്ങും പ്രതിഷേധം ഇരമ്പുന്നു

single-img
14 September 2012

ഡീസല്‍വില ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിച്ചതിനും പാചകവാതക സിലിണ്ടറുകള്‍ വര്‍ഷത്തില്‍ ആറെണ്ണം മാത്രമായി പരിമിതപ്പെടുത്തിയതിനുമെതിരേ ഉയര്‍ന്ന പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രക്ഷോഭവുമായി രംഗത്തെത്തിയതിനൊപ്പം യുപിഎ ഘടകകക്ഷികളും വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. കടുത്ത തീരുമാനവുമായി രംഗത്തെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ്, മൂന്നു ദിവസത്തിനുള്ളില്‍ തീരുമാനം പിന്‍വലിക്കണമെന്ന് അന്ത്യശാസനം നല്‍കി. വിലവര്‍ധനയ്‌ക്കെതിരേ സിപിഎമ്മും ബിജെപിയും രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് ആഹ്വാനം നല്കിയിട്ടുണ്ട്.

ബിജെപി 17 നാണു പ്രക്ഷോഭം ആരംഭിക്കുക. കേരളത്തില്‍ സിപിഎമ്മും ബിജെപിയും ഇന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബംഗാളില്‍ ഇന്നു തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിട്ടുണ്ട്. ഡീസല്‍വില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തങ്ങളോട് ആലോചിച്ചിട്ടില്ലെന്ന് ആരോപിച്ചാണു തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയത്. തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഡീസല്‍ വിലവര്‍ധിപ്പിച്ചതും പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തിയതും സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുമെന്നു ബിജെപി അഭിപ്രായപ്പെട്ടു. വിലക്കയറ്റം തടയാന്‍ കഴിയാത്ത സര്‍ക്കാര്‍ രാജിവയ്ക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു. അതേസമയം, ഡീസല്‍ വിലവര്‍ധനയെ പിന്തുണയ്ക്കുന്നതായി കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണേ്ടക് സിംഗ് അലുവാലിയ പറഞ്ഞു.