കാന്‍സര്‍ മരുന്നിന്റെ വില കുറയ്ക്കണമെന്ന് നൊവര്‍ട്ടിസിനോടു സുപ്രീംകോടതി

single-img
13 September 2012

സ്വിസ് മരുന്നു കമ്പനിയായ നൊവര്‍ട്ടിസിനോട് കാന്‍സറിനുളള മരുന്നായ ഗ്ലിവെകിന്റെ വില കുറക്കുവാന്‍ സുപ്രീംകോടതി വീണ്ടും ആവശ്യപ്പെട്ടു. പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് സൗജന്യമായി നല്‍കാനുളള കമ്പനിയുടെ നയം വളരെ സങ്കീര്‍ണമാണെന്നും കോടതി നിരീക്ഷിച്ചു. കാന്‍സര്‍ പോലുളള മാരകരോഗങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിക്കപ്പെടുന്ന ഇമാറ്റിനിബ് എന്ന പദാര്‍ഥം അടങ്ങിയ മരുന്നാണ് ഗ്ലിവെക്. എന്നാല്‍ ഗ്ലിവെക് ഉപയോഗിക്കാന്‍ ഒരു മാസം രോഗിക്കു വേണ്ടി ഒന്നര ലക്ഷം രൂപയോളം ചിലവാക്കണം. നൊവാര്‍ട്ടിസ് ഈ മരുന്നിനുളള പേറ്റന്റിന് അപേക്ഷിച്ചിട്ടുളളത് ഏവരേയും ആശങ്കാകുലരാക്കുന്നു. പേറ്റന്റ് ലഭിച്ചാല്‍ മരുന്നിന്റെ കുത്തകാവകാശം കമ്പനിക്കു സ്വന്തമാകും. ഇതോടെ കമ്പനി തീരുമാനിക്കുന്ന വിലയില്‍ മരുന്നു വാങ്ങാന്‍ ജനം നിര്‍ബന്ധിതരാകും. ഗ്ലിവെകിന് പേറ്റന്റ് നല്‍കിയാല്‍ പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് സൗജന്യമായി നല്‍കാനുളള കമ്പനിയുടെ നയം തുടരുമോയെന്ന് കോടതി ചോദിച്ചിരുന്നു. എന്നാല്‍ കമ്പനിക്ക് അത്തരം യാതൊരു ഉറപ്പും നല്‍കാനാവില്ലെന്നും നിയമപരമായി അത്തരം വ്യവസ്ഥകളൊന്നും നിലവിലില്ലെന്നും നൊവാര്‍ട്ടിസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നൊവാര്‍ട്ടിസിനോട് കമ്പനിയുടെ കാന്‍സറിനുളള മരുന്നായ ഗ്ലിവെകിന്റെ വില കുറക്കുവാന്‍ സുപ്രീംകോടതി വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.