നാളെത്തെ ഗണേഷ് അനുകൂലികളുടെ യോഗത്തിന് വന്‍ പോലീസ് സന്നാഹം

single-img
12 September 2012

ഗണേഷ് അനുകൂലികള്‍ സംഘടിപ്പിക്കുന്ന കേരള കോണ്‍ഗ്രസ് കൂട്ടായ്മയും മന്ത്രി ഗണേഷ്‌കുമാറിന് സ്വീകരണവും നാളെ വൈകുന്നേരം മൂന്നിന് കോട്ടപ്പുറം നിസാ ഓഡിറ്റോറിയത്തില്‍ നടക്കും. ഉണ്ടാകാനിടയുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി വന്‍ പോലീസ് സന്നാഹമാണ് നാളെ കൊട്ടാരക്കരയില്‍ വിന്യസിക്കുന്നതെന്ന് സി.ഐ. ഇ. ജെ വിജയകുമാര്‍ അറിയിച്ചു. ഗണേഷ് അനുകൂലികളുടെ യോഗം നടക്കുന്ന സമയത്തുതന്നെ ഔദ്യോഗിക വിഭാഗവും യോഗം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മൈക്ക് അനുമതി അനുവദിക്കുന്നതിനുള്ള അപേക്ഷയും പോലീസിന് നല്‍കിയിട്ടുണ്ട്.

ഗണേഷ് അനുകൂലികളുടെ യോഗം നടക്കുന്നതിന് സമീപമോ പുലമണിലോ അനുമതി നല്‍കണമെന്നാണ് അപേക്ഷിച്ചിട്ടുള്ളത്. ഒരു യോഗം നടക്കുന്നതിന് സമീപം മറ്റൊരു യോഗത്തിന് അനുമതി നല്‍കാന്‍ നിയമപരമായി കഴിയില്ലെന്നാണ് പോലീസ് നിലപാട്. നൂറുമീറ്ററിനപ്പുറമാണെങ്കില്‍ വ്യവസ്ഥകള്‍ പാലിച്ച് അനുമതി നല്‍കാന്‍ കഴിയും. ഇക്കാര്യങ്ങളില്‍ പോലീസ് തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള സ്ഥലത്തില്ല. അദേഹം എത്തിച്ചേര്‍ന്നതിനുശേഷം മാത്രമേ പരിപാടിയുടെ അന്തിമരൂപം കൈവരികയുള്ളുവെന്ന് ജില്ലാ പ്രസിഡന്റ് പൊടിയന്‍ വര്‍ഗീസ് പറഞ്ഞു.