ശുചിത്വം ഉറപ്പാക്കാത്ത ഹോട്ടലുകൾ പൂട്ടും

single-img
12 September 2012

ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് ഹോട്ടലിന്റെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, തീയതി ഇവ കൃത്യമായി രേഖപ്പെടുത്തി നൽകാത്ത ഹോട്ടലുകൾ ഒരു മുന്നറിയിപ്പും കൂടാതെ പൂട്ടുമെന്ന്  ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.എല്ലാ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലുള്ള ടോള്‍ഫ്രീ നമ്പരും അതത് സ്ഥലത്തുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നമ്പരും പ്രദര്‍ശിപ്പിക്കണം. ക്യാഷ് കൗണ്ടറില്‍ പൊതുജനങ്ങള്‍ കാണുന്ന വിധത്തിലായിരിക്കണം ഇത് പ്രദര്‍ശിപ്പിക്കേണ്ടതെന്നും നിർദ്ദേശത്തിലുണ്ട്.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ബോധവത്കരണ പരിപാടികളും റെയ്ഡുകളും നടത്തിയെങ്കിലും അതിനു ശേഷവും ഹോട്ടലുകൾ നിഷേധാത്മക സമീപനം പുലര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കര്‍ശന നടപടി കൊണ്ടുവന്നത്.ഹോട്ടല്‍, ഭക്ഷണശാല, ക്യാന്‍റീനുകള്‍ മുതലായവ ഭക്ഷ്യസുരക്ഷാ ഗുണനിലവാര റെഗുലേഷന്‍ 2011 പ്രകാരം പാലിക്കേണ്ട നിബന്ധനകളുള്‍ക്കൊള്ളിച്ച് മുപ്പതിന നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

  • അടുക്കളഭാഗത്തുള്ള ഓടകളിലോ തറയിലോ വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല.
  • കക്കൂസുകള്‍, കുളിമുറികള്‍ എന്നിവ അടുക്കളഭാഗത്തുനിന്നും നിശ്ചിത അകലം പാലിക്കുന്നില്ലെങ്കിലോ വൃത്തിഹീനമായി കിടക്കുന്നതോ കണ്ടാല്‍ കര്‍ശന നടപടിയുണ്ടാകും.
  • ഡ്രെയിനേജ് പൂര്‍ണമായി അടച്ചിരിക്കണം
  • അടുക്കളയും പരിസരവും അടര്‍ന്നുവീഴാത്ത രീതിയില്‍ പ്ലാസ്റ്റര്‍ചെയ്ത്, വൈറ്റ്‌വാഷ് ചെയ്ത്, ചിലന്തിവല, മറ്റ് അഴുക്കുകള്‍ ഒന്നുമില്ലാതെ സൂക്ഷിക്കണം
  • മലിനജലം ഹോട്ടലിനകത്തോ, പുറത്തോ കെട്ടിക്കിടക്കരുത്.
  • ഹോട്ടല്‍, റസ്റ്റോറന്‍റ് ഉടമകള്‍ ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ ആരില്‍നിന്നാണോ വാങ്ങുന്നത് അവരുടെ രജിസ്റ്റര്‍ തയ്യാറാക്കണം.
  • സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളം പാനയോഗ്യമായിരിക്കണം. അതിനുള്ള കെമിക്കല്‍ മൈക്രോ ബയോളജിക്കല്‍ പരിശോധന കാലാനുസൃതമായി ഇടവേളകളില്‍ അംഗീകൃത ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി രേഖകള്‍ സൂക്ഷിക്കണം.
  • മെഡിക്കല്‍ സര്‍ജനില്‍ കുറയാത്ത ഗവണ്മെന്‍റ് ഡോക്ര്‍ നിയമാനുസൃതം നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹോട്ടലുകളിലെയും ഭക്ഷണശാലകളിലെയും എല്ലാ തൊഴിലാളികള്‍ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
  • പകര്‍ച്ചവ്യാധികള്‍ ഉള്ള തൊഴിലാളികളെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തണം
  • പുകവലിക്കുന്നതും ചവയ്ക്കുന്നതും തുപ്പുന്നതും മൂക്കുചീറ്റുന്നതും ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലത്ത് ഒഴിവാക്കണം

ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിബന്ധനകൾ കൃത്യമായി പാലിച്ചില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ ഹോട്ടലുകള്‍ ഉദ്യോഗസ്ഥര്‍ പൂട്ടുമെന്ന്  ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു