പുതുസ്വപ്‌നങ്ങളുമായി എമേര്‍ജിംഗ് കേരളയ്ക്ക് തുടക്കമായി

single-img
12 September 2012

കേരളത്തെ നിക്ഷേപകേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള എമേര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തിന് തുടക്കമായി. കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു. നിക്ഷേപ ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരിനെയും വ്യാവസായികളെയും ഒരുമിച്ചുകൊണ്ടുവരുന്ന സംരഭമാണിത്. സാമ്പത്തിക-സാമൂഹ്യ വികസനത്തില്‍ കേരളത്തെ ഒരു പവര്‍ഹൗസാക്കി മാറ്റാനും കേരളത്തില്‍ നിക്ഷേപ സാഹചര്യമൊരുക്കാനും എമേര്‍ജിംഗ് കേരളയ്ക്കാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പരിപാടി സംഘടിപ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല. കൊച്ചി മെട്രോ നിലവില്‍ വരുന്നതോടെ കൊച്ചിയുടെ മുഖം മാറും. കേരളത്തിന് വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ പ്രകൃതിസമ്പത്തും മനുഷ്യസമ്പത്തും ഉന്നതനിലവാരം പുലര്‍ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.