പ്രണാബ് മുഖര്‍ജിയുടെ മകന്‍ ത്രിപുരയില്‍ ആക്രമിക്കപ്പെട്ടു

single-img
11 September 2012

രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ മകനും പശ്ചിമ ബംഗാള്‍ എംഎല്‍എയുമായ അഭിജിത് മുഖര്‍ജിയെ ത്രിപുരയില്‍ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ത്രിപുരയിലെ കോണ്‍ഗ്രസ് എംഎല്‍എ സുബല്‍ ഭൗമിക് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. അഗര്‍ത്തലയില്‍നിന്നു 35 കിലോമീറ്ററകലെ ബാമുടിയയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണു സംഭവമുണ്ടായതെന്നു ഭൗമിക് പറഞ്ഞു.

ത്രിപുരയിലെ ആദ്യ മുഖ്യമന്ത്രി സച്ചിന്ദ്ര ലാല്‍ സിന്‍ഹയുടെ പേരിലുള്ള ലൈബ്രറി ഉദ്ഘാടനം ചെയ്യാനാണ് അഭിജിത് ബാമുടിയ മേഖലയിലെ കാളിബസാറിലെത്തിയത്. ചടങ്ങു കഴിഞ്ഞു മടങ്ങവേ ത്രിപുര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബാലായി ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം അഭിജിതിന്റെ വാഹനം തടഞ്ഞുനിര്‍ത്തി റോഡരികിലുള്ള കോണ്‍ഗ്രസ് ഓഫീസ് സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ഥിച്ചു. വാഹനത്തില്‍നിന്നു പുറത്തിറങ്ങവേ കോണ്‍ഗ്രസ് അനുഭാവികള്‍ അഭിജിത്തിന്റെ കോളറിനു പിടിച്ചുവലിച്ചു കോണ്‍ഗ്രസ് ഓഫീസിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. അവിടെവച്ചു മര്‍ദിച്ചു. ത്രിപുര പിസിസി അധ്യക്ഷന്‍ സുദീപ് റോയ് ബര്‍മന്റെ അനുവാദമില്ലാതെ എന്തിനു വന്നുവെന്നായിരുന്നു അക്രമികളും ചോദ്യം. താനും അഭിജിത്തിനൊപ്പമുണ്ടായിരുന്നെന്നും എന്നാല്‍, അക്രമം തടയാന്‍ കഴിഞ്ഞില്ലെന്നും ഭൗമിക് പറഞ്ഞു. സംഭവം പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്തയായതിനെത്തുടര്‍ന്ന്, ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നു വ്യക്തമാക്കി പിസിസി അധ്യക്ഷന്‍ സുദീപ് റോയ് ബര്‍മന്‍ രംഗത്തെത്തിയിരുന്നു.