അഭയാ കേസ്: തൊണ്ടി മുതലുകള്‍ നശിപ്പിച്ചതില്‍ ദുരൂഹത

single-img
11 September 2012

അഭയാ കേസിലെ തെളിവുകളായ തൊണ്ടി മുതലുകള്‍ സിബിഐ അന്വേഷണം ഏറ്റെടുത്തതിനുശേഷം ധൃതിപിടിച്ച് നശിപ്പിച്ചതില്‍ ദുരൂഹതയുണെ്ടന്ന് ഹര്‍ജിയില്‍ ആരോപണം. കോട്ടയം മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ.ടി. മൈക്കിളാണ് അഡ്വ. എസ്. ചന്ദ്രശേഖരന്‍ നായര്‍ മുഖേന തുടരന്വേഷണ ഹര്‍ജി നല്‍കിയത്. സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണോ, ആത്മഹത്യയാണോ എന്നതിലേക്ക് സുപ്രധാന തെളിവാകുമായിരുന്ന, മരണസമയത്ത് അഭയ ധരിച്ചിരുന്ന വെളുത്ത വസ്ത്രം, ചെരിപ്പുകള്‍, വെള്ളക്കുപ്പി, സ്വകാര്യ ഡയറി എന്നിവ 1993 ജൂണ്‍ 14ന് കോട്ടയം എസ്ഡിഎം കോടതിയുടെ ഉത്തരവ് പ്രകാരം നശിപ്പിച്ചിരുന്നു. എന്നാല്‍, 1993 മാര്‍ച്ച് 29ന് തന്നെ കേസിന്റെ അന്വേഷണം സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥനായ വര്‍ഗീസ് പി. തോമസ് ഏറ്റെടുത്തിരുന്നു.

അന്വേഷണം ഏറ്റെടുത്ത് മൂന്നുമാസം പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ ഇദ്ദേഹം തൊണ്ടിമുതല്‍ ഏറ്റെടുക്കാതിരുന്നതിലും, പിന്നീടതു ധൃതിപിടിച്ചു നശിപ്പിച്ചതിലും ഗൂഢാലോചനയുണെ്ടന്നാണ് ആരോപണം. സാധാരണ മൂന്നുവര്‍ഷം വരെയെങ്കിലും കഴിഞ്ഞശേഷമേ കേസിലെ തൊണ്ടിമുതലുകള്‍ നശിപ്പിക്കാറുള്ളൂ. ന്നലെ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി പരിഗണിച്ച തുടരന്വേഷണ ഹര്‍ജികളിലൊന്നിലാണ് ഈ പരാമര്‍ശങ്ങളുള്ളത്.