യുവിക്കു മഴ വില്ലനായി, മത്സരം ഉപേക്ഷിച്ചു

single-img
9 September 2012

കാന്‍സറിനെ ജയിച്ച് ക്രിക്കറ്റിലേക്കു വരുന്ന, കായിക രംഗം കണ്ട എക്കാലത്തെയും മികച്ച പോരാളിമാരില്‍ ഒരാളായ യുവ്്‌രാജ് സിംഗിന്റെ ആഗ്രഹത്തിന് മഴ തടസമായി. ന്യൂസിലന്‍ഡിനെതിരെ ഇന്നലെ നടക്കേണ്ടിയിരുന്ന ട്വന്റി 20 മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു തിരിച്ചുവരവിനൊരുങ്ങുകയായിരുന്നു യുവി. വിശാഖപട്ടണത്ത് തീരുമാനിച്ചിരുന്ന ആദ്യ ട്വന്റി 20 മത്സരം കനത്ത മഴമൂലം ഉപേക്ഷിച്ചു. യുവരാജ് സിംഗ് ടീമില്‍ ഉള്‍പ്പെടുമെന്നറിഞ്ഞതോടെ ഗാലറികള്‍ കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. മഴ മാറും എന്ന പ്രതീക്ഷയില്‍ അവര്‍ കാത്തിരുന്നു. എന്നാല്‍, ഇന്നലെ രാത്രി വൈകുവോളം മഴ തുടര്‍ന്നു. പിന്നീട് ഏഴിനു തുടങ്ങേണ്ട മത്സരം എട്ടരയോടെ ഉപേക്ഷിച്ചതായി അമ്പയര്‍മാര്‍ പ്രഖ്യാപിച്ചു. രണ്ടാമത്തെയും അവസാനത്തെയും മത്സരം ചൊവ്വാഴ്ച ചെന്നൈയില്‍ നടക്കും. ശ്രീലങ്കയില്‍ നടക്കുന്ന ലോക ട്വന്റി 20 മത്സരത്തിനു മുമ്പ് ന്യൂസിലന്‍ഡിനെതിരേ ഒരു വിജയം നേടി ആത്മവിശ്വാസത്തോടെ ലോകകപ്പിനൊരുങ്ങാന്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ചെന്നൈയില്‍ യുവി കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.