എസ്എഫ്‌ഐ നേതാക്കളുടെ മൃതദേഹം നാട്ടിലെത്തിച്ചു

single-img
9 September 2012

തമിഴ്‌നാട്ടിലെ രാമനാഥപുരത്തുണ്ടായ അപകടത്തില്‍ മരണപ്പെട്ട എസ്എഫ്‌ഐ നേതാക്കളായ ജീനീഷ് ജോര്‍ജിന്റെയും(25) സതീഷ് പോളിന്റെയും (29) മൃതദേഹം നാട്ടിലെത്തിച്ചു. ജിനീഷ് ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു ളാലം സെന്റ് ജോര്‍ജ് പുത്തന്‍പള്ളിയില്‍ നടക്കും. സതീഷ് പോളിന്റെ സംസ്‌കാരം വ്യാഴാഴ്ച്ച ചെങ്ങരൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലും നടക്കും.

ഇന്നലെ ഉച്ചകഴിഞ്ഞു രണേ്ടാടെ രാമനാഥപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രാത്രി പത്തോടെയാണു ജിനീഷിന്റെ മൃതദേഹം പാലാ പരമലക്കുന്നിലുള്ള വീട്ടിലെത്തിച്ചത്. സതീഷ് പോളിന്റെ മൃതദേഹം കോട്ടയം കരിപ്പാല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കോട്ടയത്തുനിന്നും പാലായില്‍നിന്നും രാമനാഥപുരത്തെത്തിയ സിപിഎം ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളായ പി.കെ. ബിജു എംപി, റെജി സഖറിയ, ലാലിച്ചന്‍ ജോര്‍ജ്, എം.എ. റിബിന്‍ഷാ, മഹേഷ് ചന്ദ്രന്‍, ഷാര്‍ളി മാത്യു, കെ.എന്‍. വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലാണു മൃതദേഹം നാട്ടിലെത്തിച്ചത്. തമിഴ്‌നാട്ടിലെ സിപിഎം എംഎല്‍എമാരായ എ.ലാസര്‍, അണ്ണാദുരൈ, രാമനാഥപുരം ജില്ലാ സെക്രട്ടറി ഗോവിന്ദസ്വാമി, എസ്എഫ്‌ഐ തമിഴ്‌നാട് പ്രസിഡന്റ് കനകരാജ്, സെക്രട്ടറി രാജ്‌മോഹന്‍ എന്നിവരും ആശുപത്രിയില്‍ എത്തിയിരുന്നു.