മതനിന്ദക്കേസ്: റിംഷായെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി

single-img
9 September 2012

മതനിന്ദക്കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നു ജയില്‍മോചിതയായ ക്രിസ്ത്യന്‍ ബാലിക റിംഷാ മസീഹിനെ പ്രത്യേക ഹെലികോപ്ടറില്‍ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. റിംഷായെ മോചിപ്പിക്കുന്നതിനു പ്രാരംഭമായി റാവല്‍പ്പിണ്ടിയിലെ അദിയാല ജയിലിനു ചുറ്റും വന്‍തോതില്‍ പോലീസിനെയും സുരക്ഷാഭടന്മാരെയും വിന്യസിച്ചു. ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിന്റെ നിര്‍ദേശപ്രകാരമാണ് ഹെലികോപ്ടര്‍ അയച്ചത്. റിംഷായ്ക്കും ബന്ധുക്കള്‍ക്കും പോലീസ് സംരക്ഷണം ഉറപ്പാക്കിയതായി മന്ത്രി പോള്‍ ഭട്ടി അറിയിച്ചു. ഇസ്‌ലാമാബാദിലെ ചേരി പ്രദേശത്തു താമസിച്ചിരുന്ന റിംഷായെ അയല്‍വാസിയുടെ പരാതിയുടെ പുറത്ത് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഖുര്‍ ആന്‍ പേജുകള്‍ കത്തിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഇതു കളവാണെന്നും സമീപത്തെ മോസ്‌കിലെ ഇമാം ഖുര്‍ ആന്‍ പേജുകള്‍ കത്തിക്കരിഞ്ഞ പഴയ കടലാസുകളുടെ കൂട്ടത്തില്‍ തിരുകുകയായിരുന്നുവെന്നും തെളിഞ്ഞു. ഇമാം ഇപ്പോള്‍ അദിയാല ജയിലിലാണ്. പത്തുലക്ഷം രൂപയുടെ ബോണ്ടിലാണ് റിംഷയ്ക്ക് ജാമ്യം നല്‍കിയത്. ഈ തുക ന്യൂനപക്ഷ സംഘടന കെട്ടിവച്ചതിനെത്തുടര്‍ന്നാണ് റിംഷ മോചിതയായത്.