പാല്‍ക്കാരന്‍ ഓര്‍മ്മയായി

single-img
9 September 2012

ധവളവിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗീസ് കുര്യന്‍ അന്തരിച്ചു. 90 വയസായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ ഗുജറാത്തിലെ നദിയാദിലായിരുന്നു അന്ത്യം. ധവള വിപ്ലവത്തിലൂടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പാദക രാജ്യമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചു. രാവിലെ പത്തു മണിയോടെ അമൂല്‍ ആസ്ഥാനത്ത് മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം വൈകീട്ട് നാലിനു ഗുജറാത്തിലെ ആനന്ദില്‍.

ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിന്റെ (ജിസിഎംഎംഎഫ്) സ്ഥാപകനായിരുന്ന വര്‍ഗീസ് കുര്യന്‍ 1921 നവംബര്‍ 26 ന് കോഴിക്കോടാണ് ജനിച്ചത്. സിവില്‍ സര്‍ജനായിരുന്ന ഡോ. പുത്തന്‍പുരയ്ക്കല്‍ കുര്യന്റെ മൂന്നാമത്തെ മകനായിട്ടാണ് ജനനം. 1940ല്‍ മദ്രാസിലെ ലയോളാ കോളജില്‍ നിന്നു ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടി. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബാച്ചിലര്‍ ഓഫ് എന്‍ജിനീയറിംഗ് ബിരുദം നേടിയ അദ്ദേഹം തുടര്‍ന്ന് സ്‌കോളര്‍ഷിപ്പില്‍ യുഎസില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ മെറ്റലെര്‍ജിക്കല്‍ എന്‍ജിനീയറിംഗില്‍ ഉന്നത ബിരുദവും നേടി. ഉന്നത പഠനത്തിനു ശേഷം മടങ്ങിയെത്തിയ അദ്ദേഹം 1949 ല്‍ കെയ്‌റ ജില്ല കോഓപ്പറേറ്റിവ് മില്‍ക്ക് പ്രോഡക്റ്റ് യൂണിയന്‍ ലിമിറ്റഡില്‍ ചേര്‍ന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ക്ഷീര മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കുര്യന്‍ ഏറ്റെടുത്തത്. തുടര്‍ന്ന് ഗുജറാത്തിലെ കെയ്‌റയില്‍ ആനന്ദ് ഗ്രാമത്തില്‍ പാല്‍ ഉത്പന്നങ്ങള്‍ക്കായി കോഓപ്പറേറ്റിവ് സൊസൈറ്റി തുടങ്ങി. ഇതു പിന്നീട് അമൂല്‍ എന്ന പേരില്‍ ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന പാലുത്പന്ന ബ്രാന്‍ഡായി മാറുകയായിരുന്നു. 1965ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ് വര്‍ഗീസ് കുര്യനെ ജിസിഎംഎംഎഫ് ചെയര്‍മാനാക്കി നിയമിച്ചത്. കുര്യന്‍ ജിസിഎംഎംഎഫ് ചെയര്‍മാനായിരുന്ന കാലത്താണ് ഇന്ത്യയില്‍ ധവളവിപ്ലവം വിജയകരമായി നടന്നത്. 34 വര്‍ഷത്തോളം അദ്ദേഹം ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു.