Latest News

ചന്ദ്രശേഖരന്‍വധം: സിബിഐ അന്വേഷണം വേണെ്ടന്നു പോളിറ്റ് ബ്യൂറോ

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും സിബിഐ അന്വേഷണം എന്ന ആവശ്യംതന്നെ രാഷ്ട്രീയപ്രേരിതമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതില്‍ ഗൂഢലക്ഷ്യമുണെ്ടന്നും കേസില്‍ സിപിഎം സംസ്ഥാന നേതാക്കളെ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും രണ്ടു ദിവസമായി നടന്ന പോളിറ്റ്ബ്യൂറോ യോഗത്തി നുശേഷം കാരാട്ട് കുറ്റപ്പെടുത്തി.

ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തെ എതിര്‍ക്കണമെന്ന് ഇക്കാര്യം ചര്‍ച്ച ചെയ്ത പിബി യോഗത്തില്‍ സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ആര്‍എംപിയുടേതാണെന്നും അതിനാല്‍ അതിനെ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു സംസ്ഥാന ഘടകത്തിന്റെ നിലപാട്. ഇതിനു ഭൂരിഭാഗം അംഗങ്ങളുടെ പിന്തുണ ലഭിച്ചു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്നു കാരാട്ട് പറഞ്ഞു. സംസ്ഥാന പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണെ്ടത്തലുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയാണ് ഇക്കാര്യത്തില്‍ ചെയ്യേണ്ടതെന്നും കാരാട്ട് പറഞ്ഞു. സിപിഎം നേതാക്കളെ കുടുക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ അന്വേഷണത്തിനിടെ നടന്നിരുന്നു. അതു തുടരാനുള്ള ശ്രമമാണ് ഈ ആവശ്യത്തിനു പിന്നിലെന്നും കാരാട്ട് കുറ്റപ്പെടുത്തി.