പാര്‍ലമെന്റ് പന്ത്രണ്ടാം ദിവസവും സതംഭിച്ചു

single-img
6 September 2012

കല്‍ക്കരിപ്പാടം കൈമാറ്റ വിവാദവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ 12-ാം ദിവസവും സ്തംഭിച്ചു. പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് ബിജെപി അംഗങ്ങള്‍ അറിയിച്ചു. രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ ബിജെപി അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ലേക്‌സഭയില്‍ ബഹളമുണ്ടാക്കി. ബഹളം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു. രാജ്യസഭയില്‍ സമാജ്‌വാദി പാര്‍ട്ടി, ശിവസേന അംഗങ്ങള്‍ പട്ടികജാതി -വര്‍ഗ വിഭാഗങ്ങള്‍ക്കു സ്ഥാനക്കയറ്റത്തിനു സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലിനെതിരേ പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 വരെ സഭ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് വീണ്ടും രാജ്യസഭ സമ്മേളിച്ചെങ്കിലും ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് പിരിയുകയായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരേ വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന ലേഖനം ഉദ്ധരിച്ചാണ് പ്രതിപക്ഷത്തെ നേതാക്കള്‍ സഭയില്‍ പ്രസംഗിച്ചത്. പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ കഴിഞ്ഞദിവസം രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും ബഹളം മൂലം പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കില്ലെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.