ഒബാമയ്ക്കു നാലുവര്‍ഷം കൂടി നല്‍കണമെന്ന് ക്ലിന്റണ്‍

single-img
6 September 2012

ബുഷിന്റെ നേതൃത്വത്തിലുള്ള റിപ്പബ്‌ളിക്കന്‍ ഭരണത്തില്‍ തകര്‍ന്നു തരിപ്പണമായ സമ്പദ് വ്യവസ്ഥ പുനരുദ്ധരിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പ്രസിഡന്റ് ഒബാമയ്ക്ക് നാലുവര്‍ഷത്തെ സമയംകൂടി നല്‍കണമെന്നു മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍. നോര്‍ത്ത്കരോളൈനയിലെ ഷാര്‍ലറ്റിലെ ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ ഒബാമയെ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നോമിനേറ്റു ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 48 മിനിറ്റ് ദീര്‍ഘിച്ച ക്ലിന്റന്റെ പ്രസംഗത്തിന്റെ സമാപനത്തില്‍ ഒബാമ വേദിയിലേക്കു കടന്നുവന്നു. ഇരുവരും പരസ്പരം ആശ്ലേഷിച്ചു. പാര്‍ട്ടിയില്‍ ഏറെ ജനപ്രീതിയുള്ള നേതാവായ ക്ലിന്റനും ഒബാമയും തമ്മിലുള്ള അകല്‍ച്ച അവസാനിച്ചെന്നു വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ പ്രസംഗം. കഴിഞ്ഞതവണ ഹില്ലരി ക്ലിന്റനെ പരാജയപ്പെടുത്തി ഒബാമ സ്ഥാനാര്‍ഥിത്വം നേടിയതിനെത്തുടര്‍ന്നായിരുന്നു ഇരുവരും അകന്നത്. 2016ലെ തെരഞ്ഞെടുപ്പില്‍ ഹില്ലരിക്ക് സ്ഥാനാര്‍ഥിത്വം നേടുകയെന്നതാണ് ക്ലിന്റന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് പറയപ്പെടുന്നു.