എമേര്‍ജിംഗ് കേരള: കൊച്ചിയിലെ ഒരുക്കങ്ങള്‍ തുടങ്ങി

single-img
6 September 2012

എമേര്‍ജിംഗ് കേരള സമ്മേളനത്തിനായി എത്തുന്ന വിശിഷ്ടാതിഥികളെ വരവേല്‍ക്കാനായി കൊച്ചിനഗരം ഒരുങ്ങിത്തുടങ്ങി. താറുമാറായി കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. പ്രധാനറോഡുകളും പരിസരവും വൃത്തിയാക്കുന്ന നടപടികളും തുടങ്ങിയതായി മേയര്‍ ടോണി ചമ്മണി പറഞ്ഞു. സമ്മേളനത്തിലൂടെ കേരളത്തിന്റെ വികസനത്തിനൊപ്പം കൊച്ചിയുടെ കൂടി വികസനമാണുണ്ടാകുന്നത്. ഈ വികസന സാധ്യതകള്‍ക്ക് വഴിയൊരുക്കുകയെന്നത് പ്രധാനപ്പെട്ടതാണെന്ന് മേയര്‍ വ്യക്തമാക്കി. ഗതാഗതസൗകര്യങ്ങളെ ഏകോപിപ്പിക്കല്‍, പാര്‍ക്കിംഗ് പ്ലാസകളുടെ നിര്‍മാണം, ഖരമാലിന്യ സംസ്‌കരണപ്ലാന്റ് സ്ഥാപിക്കല്‍ എന്നിവയടക്കമുള്ള പല പദ്ധതികളും സര്‍ക്കാര്‍തലത്തില്‍ എമേര്‍ജിംഗ് കേരളയില്‍ എത്തുമെന്നാണ് കോര്‍പറേഷന്റെയും പ്രതീക്ഷ. ഇതുകൂടാതെ വ്യാവസായിക രംഗത്തുനിന്നും ഉയര്‍ന്നു വരുന്ന പല പദ്ധതികളും കൊച്ചിയുടെ വികസനത്തിലെ നാഴികക്കല്ലാകുന്നവയാണെന്നും മേയര്‍ പറഞ്ഞു. ഇത്തരം നിരവധി പദ്ധതികള്‍ വരുമ്പോള്‍ അവയ്ക്കുള്ള പശ്ചാത്തല സൗകര്യമുണ്ടാക്കുന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ഇതുകൂടി മുന്നില്‍ കണ്ടുകൊണ്ടാണ് കോര്‍പറേഷന്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.