ശിവകാശി പടക്കശാല അപകടം: ഫാക്ടറി ഉടമ അറസ്റ്റില്‍

single-img
5 September 2012

തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമ അടക്കം ആറ് പേര്‍ അറസ്റ്റിലായി. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഫാക്ടറി ഉടമയ്‌ക്കെതിരേ പോലീസ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫാക്ടറി നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. അളവില്‍ കവിഞ്ഞ സ്‌ഫോടക വസ്തുക്കള്‍ ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് പോലീസ് നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിരുതുനഗര്‍ വച്ചാക്കാരപ്പെട്ടിക്കു സമീപം മുതലിപട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഓംശക്തി ഫയര്‍വര്‍ക്‌സ് ഇന്‍ഡസ്ട്രീസില്‍ പൊട്ടിതെറിയുണ്ടായത്. അപകടത്തില്‍ ഇതുവരെ 56 പേര്‍ മരിച്ചിട്ടുണ്ട്. നൂറിലേറെപ്പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഏറുമെന്ന് ആശങ്കയുണ്ട്.