വിവാദ പ്രസംഗം; സുധാകരനെതിരായ നിലപാടില്‍ നിന്നും അന്വേഷണോദ്യോഗസ്ഥന്‍ പിന്‍മാറി

single-img
4 September 2012

കൊട്ടാരക്കരയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് കെ. സുധാകരന്‍ എംപിക്കെതിരേ സിബിഐ കേസെടുത്തെന്ന മുന്‍നിലപാടില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ഇ. ബൈജു പിന്മാറി. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സുധാകരനെതിരേ കേസെടുത്ത് സിബിഐ അന്വേഷണം നടത്തിവരികയാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, സുധാകരനെതിരേ സിബിഐ യാതൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സുപ്രീംകോടതി രജിസ്ട്രാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയതെന്നുമാണ് ഇന്നലെ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, സുധാകരനെതിരേയുള്ള കേസ് അട്ടിമറിക്കാന്‍ സാധ്യതയുണെ്ടന്നാരോപിച്ച് അഡ്വ. പി. നാഗരാജ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതിനു ശേഷം 2012 ജൂലൈ ഒന്‍പതിന് സിബിഐ ഡല്‍ഹി യൂണിറ്റില്‍നിന്നു കേസിന്റെ അന്വേഷണം സംബന്ധിച്ച രേഖകള്‍ ചെന്നൈ യൂണിറ്റിന് കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.