മട്ടന്നൂര്‍ എല്‍ഡിഎഫിന്

single-img
4 September 2012

മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫിന്. 34 വാര്‍ഡുകളുള്ള നഗരസഭയിലെ 20 വാര്‍ഡുകള്‍ നേടിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. യുഡിഎഫ് 14 സീറ്റുകള്‍ നേടി. നഗരസഭയുടെ രൂപീകരണം മുതല്‍ മട്ടന്നൂരില്‍ ഇടത് ഭരണമാണ് നിലനില്‍ക്കുന്നത്.

സിപിഎമ്മിലെ കെ. ഭാസ്‌ക്കരനാണ് എല്‍ഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി. കഴിഞ്ഞ ഭരണസമിതിയില്‍ വൈസ് ചെയര്‍മാനായിരുന്ന ഭാസ്‌ക്കരന്‍ പെരിഞ്ചേരി വാര്‍ഡില്‍ നിന്നാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ഷൈലജയുടെ ഭര്‍ത്താവായ ഭാസ്‌ക്കരന്‍ പഴശി എല്‍പി സ്‌കൂള്‍ അധ്യാപകനാണ്. നിലവിലുള്ള പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിലെ പി.വി. ധനലക്ഷ്മി ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടൗണ്‍ വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ധനലക്ഷ്മി മൂന്നാം തവണയാണ് നഗരസഭാ കൗണ്‍സിലിലെത്തുന്നത്.

ആകെയുള്ള 33,463 വോട്ടര്‍മാരില്‍ 28,063 പേര്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു. 83.86 ശതമാനമായിരുന്നു പോളിംഗ്. 2007-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 83.10 ശതമാനമായിരുന്നു പോളിംഗ്. നഗരസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതാവസ്ഥയുണ്ടായതാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പ് പ്രത്യേകമായി നടക്കാന്‍ കാരണം.